Skip to main content

മലയാളദിനം - ഭരണഭാഷ വാരാഘോഷത്തിന് സമാപനം

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന മലയാളദിനം -ഭരണഭാഷ വാരാഘോഷത്തിന് സമാപനമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന പരിപാടി അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. എ.ഡി.എം  ടി വിജയന്‍ അധ്യക്ഷനായി.

മാതൃഭാഷയാണ് ഓരോരുത്തരുടേയും  വ്യക്തിത്വത്തെ തെളിയിക്കുന്നതെന്നും കേരളത്തിന്റെ സംസ്‌കാരവും അഭിമാനവുമായ മലയാളം ഹൃദയത്തോട് ചേര്‍ന്നു നിര്‍ത്തേണ്ടതാണെന്നും അസിസ്റ്റന്റ് കലക്ടര്‍ പറഞ്ഞു. മാതൃഭാഷ നന്നായി കൈകാര്യം ചെയ്താല്‍ നാടിന്റെ നന്മയെ വാനോളം ഉയര്‍ത്താന്‍ സഹായിക്കും.  ഓരോരുത്തരുടെയും ഭക്ഷണം പോലെ  പ്രധാനമാവേണ്ടതാണ് മാതൃഭാഷയും.  മാതൃഭാഷ പഠിക്കുന്നതോടൊപ്പം മറ്റു ഭാഷകള്‍ കൂടെ സ്വായത്തമാക്കുകയാണെങ്കില്‍ വിശാലമായ ലോകത്തെ നമുക്ക് അറിയാനും അടയാളപ്പെടുത്താനും സാധിക്കുമെന്നും അസിസ്റ്റന്റ് കലക്ടര്‍ പറഞ്ഞു. മലയാളിയല്ലാത്ത അസിസ്റ്റന്റ് കലക്ടര്‍ മലയാള ഗാനം ആലപിച്ച് പരിപാടിയില്‍ പങ്കെടുത്തതും കൗതുകമായി.

തുടര്‍ന്ന് ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്ക് നടത്തിയ ക്വിസ്, കവിതാ പാരായണം, തര്‍ജ്ജമ മത്സരങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രസംഗമത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും  അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ.ഡി.എം. ടി വിജയന്‍ എന്നിവര്‍ വിതരണം ചെയ്തു. സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി നടത്തിയ കവിത ചൊല്ലല്‍ മത്സരത്തില്‍ വിജയികളായ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എം.പ്രസാദ്, കലക്ടറേറ്റ് എല്‍.ആര്‍.എ സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് ജി.രേഖ, ജി എസ് ടി വകുപ്പിലെ സ്റ്റാഫ് കെ.സംഗീത 'ഭരണഭാഷ മലയാളം, മലയാള സാഹിത്യം' വിഷയത്തില്‍ നടത്തിയ ക്വിസ് മത്സര വിജയികളായ കെ.സിന്ധു, എല്‍ദീന (കലക്ടറേറ്റ്), ജി.എസ്.ടി വകുപ്പിലെ എ.അജിത, എം.ഫൗസിയ, തര്‍ജമ മത്സരത്തിലെ വിജയികളായ സി.എല്‍ സ്റ്റാര്‍വിന്‍ (വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ്), പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ പി സുധ, കലക്ടറേറ്റിലെ ആര്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് ട്രോഫി വിതരണം ചെയ്തത്. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രസംഗമത്സരത്തിലെ വിജയികളായ വിജയമാതാ കോണ്‍വെന്റ് സ്‌കൂളിലെ എം. നിഹാല ഫാത്തിമ, ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മധുമിത ഹരിദാസ്, പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസ്സിലെ ഫാത്തിമ റസാന്‍ എന്നിവര്‍ക്കും കാഷ്‌പ്രൈസും സര്‍ട്ടിഫിക്കറ്റും കൈമാറി.

തുടര്‍ന്ന് 'കുഞ്ചനും തുള്ളലും മലയാളവും' വിഷയത്തില്‍ കുഞ്ചന്‍ സ്മാരകം രാജേഷ് പ്രഭാഷണം നടത്തി.  മത്സരങ്ങളില്‍ സമ്മാനാര്‍ഹമായ കവിതകളുടെ  അവതരണവും നടന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ്. ഗീത എന്നിവര്‍ സംസാരിച്ചു.

കുഞ്ചന്‍ നമ്പ്യാരെ വീണ്ടെടുത്ത് മലയാളദിനം - ഭരണഭാഷാ വാരാഘോഷം

കുഞ്ചന്‍ നമ്പ്യാരെയും തുള്ളല്‍ പ്രസ്ഥാനത്തെയും വീണ്ടെടുത്ത് ഭരണഭാഷാ വാരാചരണത്തിന് സമാപനം. തിന്മകളെ കലയിലൂടെ നിശിതമായി വിമര്‍ശിച്ച നമ്പ്യാരെയും അദ്ദേഹത്തിന്റെ സാഹിത്യത്തെയും അടയാളപ്പെടുത്തുന്നതായിരുന്നു 'കുഞ്ചനും തുള്ളലും മലയാളവും ' എന്ന വിഷയത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ പ്രതിനിധി രാജേഷ് നടത്തിയ പ്രഭാഷണം. മലയാളത്തെ അടയാളപ്പെടുത്തുന്നതില്‍ നമ്പ്യാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മലയാളത്തോളം വലിപ്പമുള്ള മറ്റൊരു ഭാഷയുമില്ലെന്നും അക്ഷരങ്ങള്‍ കൂട്ടിവെച്ച് താളവും ഭംഗിയും അര്‍ഥവും നല്‍കി കൂട്ടിച്ചേര്‍ക്കാനും ഭാഷയെ ഒപ്പം നിര്‍ത്താനും നമ്പ്യാര്‍ക്ക് കഴിഞ്ഞതായും അദ്ദേഹം ഓര്‍മിപ്പിച്ചു. നമ്പ്യാരുടെ രുഗ്മിണി സ്വയംവരത്തിലെയും കല്യാണസൗഗന്ധികത്തിലെയും വരികള്‍ ചൊല്ലികൊണ്ടാണ് നമ്പ്യാരെ പരിചയപ്പെടുത്തിയത്. തുള്ളലും കലാകാരന്മാരും ഇന്ന് ഏറെ പ്രതിസന്ധി നേരിടുന്നതായും നമ്പ്യാരെ പഠിക്കാതെ മലയാളഭാഷയെയും സംസ്‌കാരത്തെയും പൂര്‍ണമായി അറിയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

date