Skip to main content

അക്ഷയ വാര്‍ഷികാഘോഷം: വിവിധ സേവനങ്ങള്‍ സൗജന്യം

 

അക്ഷയയുടെ 17 ാമത് വാര്‍ഷികാഘോഷത്തിന്റെയും 18 ാം അക്ഷയ ദിനാഘോഷത്തിന്റെയും ഭാഗമായി പാലക്കാട് ജില്ലയിലെ അക്ഷയ സംരംഭകര്‍ ബ്ലോക്ക് തലത്തില്‍ വിവിധ പരിപാടികള്‍ നടത്തും. ജില്ലയിലെ അക്ഷയസംരംഭകരുടെ കുടുംബസംഗമം യാക്കര എസ്.എ ഹാളില്‍ നവംബര്‍ 17 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും.  

കിടപ്പുരോഗികള്‍ക്ക് സൗജന്യ ആധാര്‍ രജിസ്ട്രേഷന്‍

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കിടപ്പുരോഗികള്‍ക്ക് സൗജന്യ ആധാര്‍ രജിസ്ട്രേഷന്‍ നടത്തും. ആധാര്‍ സേവനം ലഭിക്കേണ്ട കിടപ്പുരോഗികളുടെ പേരുവിവരങ്ങള്‍ ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും നവംബര്‍ 18 വരെ രജിസ്റ്റര്‍ ചെയ്യാം. യാക്കര എസ്.എ ഹാളില്‍ നടക്കുന്ന കുടുംബസംഗമത്തിലും കിടപ്പുരോഗികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. പതിനെട്ടാമത് അക്ഷയദിനാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട്, അട്ടപ്പാടി, ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്കിലും  ആലത്തൂര്‍ താലൂക്കിലും പരിപാടികള്‍ സംഘടിപ്പിച്ചു.  അക്ഷയദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളും സ്ഥലങ്ങളും ചുവടെ.

കൊല്ലങ്കോട്, ചിറ്റൂര്‍ ബ്ലോക്ക്, ചിറ്റൂര്‍- തത്തമംഗലം മുനിസിപ്പാലിറ്റിയിലെ അക്ഷയ സംരംഭകര്‍ സ്പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തും

18 ാം അക്ഷയദിനാചരണത്തിന്റെ ഭാഗമായി ചിറ്റൂര്‍ ബ്ലോക്ക്, ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി, കൊല്ലങ്കോട് ബ്ലോക്ക് എന്നിവിടങ്ങളിലെ അക്ഷയ സംരംഭകര്‍ ഇന്ന് (നവംബര്‍ 15) തത്തമംഗലം പ്രതീക്ഷ സ്പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ സേവനങ്ങളും യു.ഡി.ഐ.ഡി കാര്‍ഡ് രജിസ്ട്രേഷന്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്, 18 വയസ്സിനു മുകളിലുളളവര്‍ക്ക് പി.എസ്.സി, വോട്ടര്‍ ഐ.ഡി രജിസ്ട്രേഷന്‍  സേവനങ്ങള്‍ സൗജന്യമായി നല്‍കും. കൂടാതെ കുട്ടികള്‍ക്കാവശ്യമായ പഠന സാമഗ്രികള്‍ വിതരണം ചെയ്യും. ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മധു പരിപാടി ഉദ്ഘാടനം ചെയ്യും.

തൃത്താല ബ്ലോക്കില്‍ 16 ന് അക്ഷയയുടെ എല്ലാ സേവനങ്ങളും സൗജന്യം

നവംബര്‍ 16 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ അക്ഷയയുടെ എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കും.

മലമ്പുഴ -പാലക്കാട് ബ്ലോക്കുകളിലും പാലക്കാട് മുനിസിപ്പാലിറ്റിയിലും ലൈഫ് സര്‍ട്ടിഫിക്കറ്റ് സൗജന്യം

മലമ്പുഴ- പാലക്കാട് ബ്ലോക്ക്, പാലക്കാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ എല്ലാ അക്ഷയ ഇ-കേന്ദ്രങ്ങളിലും നവംബര്‍ 18 ന് സര്‍ക്കാര്‍ / കേരള സര്‍ക്കാര്‍  പെന്‍ഷനേഴ്സിനുളള ലൈഫ് സര്‍ട്ടിഫിക്കറ്റ് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ സൗജന്യമായി എടുത്തുനല്‍കും. ആധാര്‍കാര്‍ഡ്, സ്വന്തമായ മൊബൈല്‍ ഫോണ്‍, പി.പി.ഒ നമ്പര്‍, ബാങ്ക് പാസ്ബുക്ക് എന്നിവ കൊണ്ടുവരണം.
   
നെന്മാറ ബ്ലോക്കില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യം

നെന്മാറ ബ്ലോക്ക് അക്ഷയ കേന്ദ്രങ്ങളുടെ കൂട്ടായ്മ ഇന്ന് (നവംബര്‍ 15) നെന്മാറ ബ്ലോക്ക് ഓഫീസ് (വിത്തനശ്ശേരി) അങ്കണത്തില്‍ ഓണ്‍ലൈന്‍ സൗജന്യ സേവനം നല്‍കും. റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പി.എസ്.സി രജിസ്ട്രേഷന്‍, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം, പട്ടികജാതി/പട്ടികവര്‍ഗ ചികിത്സാ സഹായം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് സേവനങ്ങള്‍ ലഭിക്കുക. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം ബ്ലോക്കുകളില്‍ കിടപ്പുരോഗികള്‍ക്ക് സൗജന്യസേവനം പ്രഖ്യാപിക്കും

ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം ബ്ലോക്കിലെ അക്ഷയ സംരംഭകര്‍ നവംബര്‍ 16 ന് ഉച്ചയ്ക്ക് 1.30 ന് അമ്പലപ്പാറയില്‍ ബ്ലോക്ക്തല ആഘോഷങ്ങളുടെ ഉദ്ഘാടനവും മറ്റ് ദിവസങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ പരിപാടികളും നടത്തും. അക്ഷയയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, അക്ഷയ കേന്ദ്രങ്ങളുടെ പ്രസക്തി, വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ബോധവത്കരണ  സെമിനാറുകള്‍ നടത്തും. പരിപാടിയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കുടുബശ്രീ അംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ തുടങ്ങി സമൂഹത്തിലെ വിവിധമേഖലകളിലുള്ളവര്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ ഇല്ലാതാക്കി ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോജനം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കിടപ്പുരോഗികളും നിരാലംബരുമായ രോഗികള്‍ക്കും  അക്ഷയയിലൂടെ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കാനുള്ള പ്രഖ്യാപനവും നടത്തും. പി.ഉണ്ണി എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവരാമന്‍ അധ്യക്ഷനാവും. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അക്ഷയ ജില്ലാ മാനേജര്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ക്ലബ് അംഗങ്ങള്‍, വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date