Skip to main content

കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ പരിസ്ഥിതി പ്രശ്‌നവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കും:  പരിസ്ഥിതി കാവല്‍ സംഘം

 

കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക  പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന്   പരിസ്ഥിതി കാവല്‍ സംഘം യോഗത്തില്‍ തീരുമാനമായി. എ.ഡി.എം.ന്റെ   ചേംബറില്‍ നടന്ന  യോഗത്തിലാണ് തീരുമാനം.

മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ  നേതൃത്വത്തില്‍ വ്യവസായശാലകളില്‍ രാത്രികാല പരിശോധന നടക്കുന്നതായും മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സ്ഥാപനങ്ങളില്‍ നിന്നും  അപാകതകള്‍  കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് എഞ്ചിനിയര്‍ എം.എന്‍. കൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ക്ക് ഹാനികരമാകുന്ന രീതിയിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കും. പൊടിശല്യമാണ്  പ്രധാന പ്രശ്‌നമായി പരിസരവാസികള്‍ ഉന്നയിക്കുന്നത്.  മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ  പരിശോധനയില്‍  നൂറു മൈക്രോ ഗ്രാമില്‍ താഴെ മാത്രമാണ്  പൊടിയുടെ ദൈനംദിന ശരാശരി അളവ് പ്രദേശത്ത് കണ്ടെത്താന്‍ കഴിഞ്ഞത്. അത് ഹാനികരമായി ബാധിക്കില്ല.  കാലാവസ്ഥയിലെ മാറ്റവും  മഞ്ഞുമൂടിയ ഈര്‍പ്പം നില്‍ക്കുന്ന അന്തരീക്ഷവുമാണ് പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപകമാണെന്ന് തോന്നിപിക്കുന്നതെന്നും യോഗത്തില്‍ പറഞ്ഞു.

വ്യവസായ മേഖലയ്ക്ക് സമീപം താമസിക്കുന്ന  ജനങ്ങള്‍ക്ക് വിവിധ അസുഖങ്ങള്‍  ഉണ്ടാവുന്നതായി പരാതിയുള്ളതിനെ തുടര്‍ന്ന് പുതുശ്ശേരി പഞ്ചായത്തുമായി സഹകരിച്ച് ആരോഗ്യ വകുപ്പിന്റെ   നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും, പൊടിപടലങ്ങള്‍ കൂടുതലായി ഉണ്ടാകുന്ന വ്യവസായ സ്ഥാപനങ്ങളുടെ പരിസരത്ത് പ്രത്യേകം മെഷീന്‍ വെച്ചുകൊണ്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പൊടിയുടെ തോത് അളക്കും. അനധികൃതമായി തൊഴിലാളികളെ ഫാക്ടറികള്‍ക്കുള്ളില്‍ താമസിപ്പിക്കുന്ന അപകടകരമായ സാഹചര്യം ഉണ്ടെങ്കില്‍ വ്യവസായ വകുപ്പ് പരിശോധിക്കും.
 വ്യവസായ സ്ഥാപനത്തിലെ  മലിനീകരണ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിലവിലുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിലാവും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യവസായ സ്ഥാപനങ്ങളുടെ രാത്രികാല പ്രവര്‍ത്തനങ്ങളെ നിയന്തിക്കുകയെന്നും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ  പ്രതിനിധികളെ പരിസ്ഥിതി കാവല്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി  സര്‍ക്കാരിന് കത്ത്  നല്‍കാനും യോഗത്തില്‍ തീരുമാനമായി.

എ .ഡി . എം.  ടി.വിജയന്‍, വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി . രാജ്‌മോഹന്‍ , ജില്ലാ ലേബര്‍ ഓഫീസര്‍( ജനറല്‍) എം .കെ. രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിതിന്‍ കണിച്ചേരി, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി. മനോഹരന്‍, വിവിധ  വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date