Skip to main content

ഭാഗ്യക്കുറി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ ഏജന്റുമാര്‍ - മന്ത്രി. കെ.ടി ജലീല്‍

ഏജന്റുമാരും അനുബന്ധ തൊഴിലാളികളുമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി എന്ന പ്രസ്ഥാനത്തെ വളര്‍ത്തിയതെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇതരസംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ കടന്നുവരവ് കേരള ലോട്ടറിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. അതിനെ അതിജീവിച്ച് വളരാന്‍ സംസ്ഥാന ഭാഗ്യക്കുറിക്ക് കഴിഞ്ഞുവെന്നും ജലീല്‍ പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്തതുകൊണ്ടാണ് ഇതരസംസ്ഥാന ലോട്ടറികള്‍ തിരസ്‌കരിക്കപ്പെട്ടത്. ദിവസേന നറുക്കെടുപ്പ് നടത്തുന്ന ബൃഹദ് സംവിധാനമായി കേരള ഭാഗ്യക്കുറി മാറി. കാരുണ്യ പദ്ധതിയിലൂടെ നിരവധി രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ ഈ പ്രസ്ഥാനം സഹായകമാകുന്നുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ലോട്ടറി ഏജന്റുമാര്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. ഏജന്റുമാര്‍ക്കുള്ള യൂനിഫോമുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ആദ്യകാല ഏജന്റുമാരെയും വകുപ്പിലെ മുന്‍ ജീവനക്കാരെയും  മന്ത്രി ആദരിച്ചു.
പി.ഉബൈദുള്ള എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജോയിന്റ് ഡയറക്ടര്‍ എം.ആര്‍ സുധ, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം.കെ യൂസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

date