Skip to main content

വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദമാകണം- ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

വില്ലേജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതോടൊപ്പം അവ ജനസൗഹൃദ മാകണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ റവന്യു വകുപ്പ് പന്തളം മുട്ടം വായനശാലയ്ക്ക് സമീപം നിര്‍മിക്കുന്ന തുമ്പമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്‍റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ.
ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നത് ജീവനക്കാരില്‍ ആത്മവിശ്വാസമുണ്ടാക്കും. ഇത് ജനസൗഹൃദമായ ഒരു അന്തരീക്ഷം സംജാതമാക്കുവാന്‍ സഹായിക്കും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ സേവനം ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കഴിയണം.
ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന ഓഫീസുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഏറെ മുന്‍ഗണന നല്‍കുന്നുണ്ട്. അടൂര്‍ നിയോജകമണ്ഡലത്തില്‍ മാത്രം 500 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. പന്തളം റവന്യു ടവര്‍, പന്തളം ബൈപാസ്, അടൂരിലെ പുതിയ പാലം, കൊടുമണ്‍ സ്റ്റേഡിയം, ചേരിക്കല്‍ സ്റ്റേഡിയം തുടങ്ങി ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ക്കാണ് പണം അനുവദിച്ചിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.
തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സഖറിയ വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങി ല്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് ടി.വര്‍ഗീസ്, രഘു പെരുമ്പുളിക്കല്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് അനിത മധു, അംഗങ്ങളായ ശുഭകുമാരി, മോനിബാബു, എം.ടി.തോമസ്, ടി.എ.രാജേഷ് കുമാര്‍, റോസമ്മ വര്‍ഗീസ്, റോയിക്കുട്ടി ജോര്‍ജ്, സി.കെ.സുരേന്ദ്രന്‍, ആഷാ റാണി, സന്ധ്യ, റോസി മാത്യു, തഹസീല്‍ദാര്‍ അലക്സ് പി.തോമസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി.ജയന്‍, എ.പുരുഷോത്തമന്‍, ഉമ്മന്‍ ചക്കാലയില്‍, രാംദാസ് പിള്ള, യു.എസ്.ഇടിക്കുള, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുട്ടം തൊണ്ടംവേലില്‍ ടി.സി.കോശി സൗജന്യമായി വിട്ടുനല്‍കിയ 10 സെന്‍റ് ഭൂമിയിലാണ് തുമ്പമണ്‍ സ്മാര്‍ട്ട് വില്ലേജാഫീസിന് പുതിയ കെട്ടിടം പണിയുന്നത്. 1292 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് 40 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. പത്തനംതിട്ട നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. മൂന്ന് മാസം കൊണ്ട് കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാക്കാനാണ് നിര്‍മിതി കേന്ദ്രം ലക്ഷ്യമിടുന്നത്.
(പിഎന്‍പി 152/18)

date