Skip to main content

കല്യാശ്ശേരി മണ്ഡലം: നിര്‍മാണ പദ്ധതികളുടെ  പുരോഗതി വിലയിരുത്തി   

 കല്യാശ്ശേരി മണ്ഡലത്തിലെ എം.എല്‍.എയുടെ പ്രത്യേക വികസന നിധി, നിയോജക മണ്ഡലം ആസ്തിവികസന നിധി എന്നിവയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന വിവിധ നിര്‍മാണ പദ്ധതികളുടെ പ്രവൃത്തി പുരോഗതി ടി.വി രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന  അവലോകന യോഗം വിലയിരുത്തി. ടെണ്ടര്‍ ചെയ്ത് കരാര്‍ ഏറ്റെടുത്ത പല പ്രവര്‍ത്തികളിലും കരാറുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അലംഭാവം ഉണ്ടാകുന്നതായി യോഗം വിലയിരുത്തി. കാലവര്‍ഷക്കെടുതി മൂലം നാശോന്‍മുഖമായ റോഡുകള്‍ അടിയന്തരമായി നന്നാക്കാനുള്ള പദ്ധതിയിലുള്‍പ്പെട്ട റോഡുകളുടെ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്ത അവസ്ഥ നിലവിലുണ്ട്. ഫണ്ട് ലഭ്യമാവുന്നില്ലെന്നാണ് ഇവര്‍ പറയുന്ന കാരണമെങ്കിലും സത്യാവസ്ഥ അതല്ല. ആവശ്യമായ ഫണ്ട് നേരത്തേ തന്നെ അക്കൗണ്ടില്‍ എത്തിയതായി ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നിര്‍വഹണ ഉദ്യോഗസ്ഥരെയും തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരെയും കരാറുകാരെയും പങ്കെടുപ്പിച്ച് യോഗം വിളിക്കാന്‍ ജില്ലാ ഭരണകൂടം മുന്‍കൈയെടുക്കണമെന്ന് എം.എല്‍.എ പറഞ്ഞു.
    135 ലക്ഷം രൂപയുടെ പഴയങ്ങാട് ബസ് സ്റ്റാന്റ് നവീകരിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവത്തിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നതായും ടെണ്ടര്‍ നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നും എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ശക്തമായ ഇടപെടല്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും എം.എല്‍.എ പറഞ്ഞു. 
    കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫിനാന്‍സ് ഓഫീസര്‍ പി.വി നാരായണന്‍, എ.ഡി.സി ജനറല്‍ പ്രദീപന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വി സജീവന്‍,  എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
പി.എന്‍.സി/240/2018

date