Skip to main content

ലൈഫ് മിഷന്‍; മൂന്നാം ഘട്ടത്തില്‍ 6,480 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുങ്ങും

സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ കോട്ടയം ജില്ലയില്‍ ഭൂമിയും വീടുമില്ലാത്ത 6,480 പേര്‍ക്കായി ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കും. ആകെ അപേക്ഷ സമര്‍പ്പിച്ച 16,685 പേരില്‍നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.

ഇതില്‍ 4,598 പേര്‍ ഗ്രാമപഞ്ചായത്തുകളിലും 1,522 പേര്‍ മുനിസിപ്പാലിറ്റികളിലുമാണ്. അപേക്ഷ നല്‍കിയ 375 പേര്‍ സ്വന്തമായി ഭൂമി വാങ്ങിയതിനാല്‍ ഇവരെ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഭവനനിര്‍മാണ സഹായം നല്‍കുന്നതിന് നടപടി സ്വീകരിച്ചു. മൂന്നാം ഘട്ടത്തില്‍  ജില്ലയില്‍ നാലു ഭവന സമുച്ചയങ്ങള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. പൈലറ്റ് പ്രോജക്ടിന്‍റെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു.

ഇവയ്ക്കു പുറമെ റവന്യൂ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള അഞ്ചു സ്ഥലങ്ങളും  റവന്യൂ ഭൂമി ഒഴികെയുള്ള ഏഴു സ്ഥലങ്ങളും പദ്ധതിക്കായി ഗ്രാമപഞ്ചായത്തുകള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇവയുടെ വിശദാംശങ്ങളും ഭവന സമുച്ചയത്തിന് അനുയോജ്യമാണോ എന്നതും ലാന്‍ഡ് റവന്യു വിഭാഗം പരിശോധിച്ചു വരികയാണ്.  

ലൈഫ് മിഷന്‍റെ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 1,093 വീടുകളാണ് പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച 7,437 ഗുണഭോക്താക്കളില്‍ 4,470 പേര്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 4,005 പേര്‍ തദ്ദേശഭരണ സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെട്ട് നിര്‍മാണം ആരംഭിച്ചു.

തീരദേശ പരിപാലന-നീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ പ്രകാരം അനുമതിയില്ലാത്തവര്‍, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട തടസങ്ങളുള്ളവര്‍, ഭൂമിയുടെ രേഖകള്‍ ഹാജരാക്കാത്തവര്‍, കൈവശ രേഖയില്‍ തോട്ടം എന്നു രേഖപ്പെടുത്തിയിട്ടുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പെട്ടവര്‍ക്കാണ് അര്‍ഹരെങ്കിലും നിര്‍മാണാനുമതി ലഭിക്കാതിരുന്നത്. മുനിസിപ്പാലിറ്റികളില്‍ ഗുണഭോക്താക്കളെ പി.എം.എ.വൈ-ലൈഫ് പദ്ധതിയില്‍ പെടുത്തിയാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്.

പദ്ധതി തുകയായ നാലു ലക്ഷം രൂപ  നാലു ഗഡുക്കളായാണ് നല്‍കുക. വിദൂര സങ്കേതങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആറു ലക്ഷം രൂപ അഞ്ചു ഗഡുക്കളായി നല്‍കും.

കരാറിലേര്‍പ്പെട്ട 4,005 ഗുണഭോക്താക്കള്‍ക്കായി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഹഡ്കോയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും വിഹിതങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ ആകെ 156.60 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ടു ലക്ഷം ലൈഫ് വീടുകള്‍ പൂര്‍ത്തീകരിച്ചതിന്‍റെ പ്രഖ്യാപനം  ജനുവരി 26 ന് നടക്കും. ഇതോടനുബന്ധിച്ച് ജില്ലയില്‍ ബ്ലോക്ക്, മുനിസിപ്പാലിറ്റി, ജില്ലാ തലങ്ങളില്‍ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിക്കുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ് അറിയിച്ചു.

date