Skip to main content

100 മഴവെള്ള സംഭരണികളൊരുക്കി ജലക്ഷാമം നേരിടാന്‍ വെളിയന്നൂര്‍ പഞ്ചായത്ത്

ജലക്ഷാമം നേരിടുന്നതിന് വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പതിനായിരം ലിറ്ററിന്‍റെ നൂറു മഴവെള്ള സംഭരണികള്‍ നിര്‍മിക്കും.  ജലവിഭവ വകുപ്പിന്‍റെ മഴവെള്ള സംഭരണവും ഭൂജല പരിപോഷണവും എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആദ്യമായി വെളിയന്നൂരിലാണ് നടത്തുന്നത്.

ഒരു യൂണിറ്റിന് 54,760 രൂപയാണ് ചിലവ്.  എ.പി.എല്‍ വിഭാഗത്തിലുള്ളവര്‍ സംഭരണി നിര്‍മാണത്തിന്‍റെ 10 ശതമാനം തുകയും ബി.പി.എല്‍ വിഭാഗം അഞ്ച് ശതമാനം തുകയും അടച്ചാല്‍ മതിയാകും. ആറു ദിവസം കൊണ്ട് ഒരു മഴവെള്ള സംഭരണിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

മൂന്നു മീറ്റര്‍ വ്യാസവും  12 അടി ഉയരവുമുള്ള മഴവെള്ള സംഭരണികള്‍ വീടുകളുടെ മേല്‍ക്കൂരയില്‍ നിന്നുള്ള വെള്ളം നേരിട്ട് ശേഖരിക്കും വിധമാണ്  സ്ഥാപിക്കുന്നത്.  പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ശോഭാ നാരായണന്‍ പറഞ്ഞു.

date