Skip to main content

പി.ആർ.ഡിയിൽ തമിഴ്, കന്നട ഭാഷാ റിപ്പോർട്ടർ/ സബ് എഡിറ്റർ പാനൽ രൂപീകരിക്കുന്നു

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽ തമിഴ്, കന്നട ഭാഷകളിൽ പ്രാവീണ്യമുള്ളവരുടെ റിപ്പോർട്ടർ/ സബ് എഡിറ്റർ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇരുഭാഷകളിലും പ്രത്യേകം പാനലുകളാണ് തയാറാക്കുന്നത്.
തമിഴ്, കന്നട മാധ്യമങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വാർത്താക്കുറിപ്പുകൾ തയാറാക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രീഡിഗ്രി/ പ്ലസ് ടു ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. മാധ്യമങ്ങളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന നൽകും. കുറഞ്ഞത് നൂറ് വാക്കുകളുള്ള വാർത്ത തയാറാക്കുന്നതിന് 250 രൂപ വീതവും തർജ്ജമ ചെയ്യുന്നതിന് വാക്ക് ഒന്നിന് ഒരു രൂപ വീതവും പ്രതിഫലം ലഭിക്കും. വാർത്തകൾ തയാറാക്കി അതതു ഭാഷകളിൽ ടൈപ്പ് ചെയ്തു നൽകണം. വാർത്തകളും തർജ്ജമയും വകുപ്പ് നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ തയാറാക്കാനുള്ള കഴിവുണ്ടായിരിക്കണം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാനലിലേക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുക. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ ഡിസംബർ 15നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്, ഗവ: സെക്രട്ടേറിയറ്റ്, സൗത്ത് ബ്ളോക്ക്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷാ കവറിന് പുറത്ത് 'ഇതരഭാഷാ റിപ്പോർട്ടർ/ സബ് എഡിറ്റർ പാനൽ അപേക്ഷ' എന്ന് രേഖപ്പെടുത്തിയിരിക്കണം.
പി.എൻ.എക്‌സ്.4492/19

date