Skip to main content

ജില്ലയില്‍ ഹൈടെക് സ്‌കൂള്‍ പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്; ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരിയില്‍

* ജില്ലയില്‍ വിതരണം ചെയ്തത് 3726 ലാപ്ടോപുകളും 2987 യു.എസ്.ബി സ്പീക്കറുകളും 2210  പ്രൊജക്ടറുകളും   

* മുഴുവന്‍ വിശദാംശങ്ങളും 'സമേതം' പോര്‍ട്ടലില്‍

          

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂള്‍-ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയില്‍ പൂര്‍ത്തീകരണത്തിലേക്ക്. സ്‌കൂള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം 2020  ജനുവരിയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 

 ഒരു ഡിവിഷനില്‍ ഏഴ് കുട്ടികളില്‍ താഴെയുണ്ടായിരുന്ന ജില്ലയിലെ 259 സ്‌കൂളുകള്‍ക്കും ഉപകരണങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ജില്ലയിലെ 8 മുതല്‍ 12-ാം ക്ലാസുവരെയുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ ക്ലാസ് മുറികളും ഹൈടെക്കാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൈറ്റ് 268  സ്‌കൂളുകളെയാണ് പൂര്‍ണമായും ഹൈടെക്കാക്കി ഉയര്‍ത്തിയത്. ഇതില്‍ 95 സര്‍ക്കാര്‍ സ്‌കൂളുകളും 173 എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്. 

2019 ജൂലൈയില്‍ ഉദ്ഘാടനം ചെയ്ത ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഹൈടെക് ലാബ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 166 സര്‍ക്കാര്‍ സ്‌കൂളുകള്‍, 237 എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ 403 സ്‌കൂളുകളിലും ഉപകരണ വിതരണം പൂര്‍ത്തിയായതായി കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ സുദേവ് അറിയിച്ചു. 

പദ്ധതിയുടെ ഭാഗമായി 3726 ലാപ്ടോപുകള്‍, 2987 യു.എസ്.ബി സ്പീക്കറുകള്‍, 2210 പ്രൊജക്ടറുകള്‍, 1392 മൗണ്ടിംഗ് കിറ്റുകള്‍, 808 സ്‌ക്രീനുകള്‍  43 ഇഞ്ചിന്റെ 256 എല്‍.ഇ.ഡി ടെലിവിഷനുകള്‍, 250 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകള്‍, 257 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 268 എച്ച്.ഡി വെബ്ക്യാം ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് ജില്ലയിലെ സ്‌കൂളുകളില്‍ വിതരണം ചെയ്തത്. എല്ലാ ഉപകരണങ്ങള്‍ക്കും അഞ്ച് വര്‍ഷ വാറണ്ടിയും ഇന്‍ഷുറന്‍സ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോള്‍ സെന്ററും വെബ് പോര്‍ട്ടലും കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഹൈടെക് സ്‌കൂള്‍-ഹൈടെക് ലാബ് പദ്ധതികള്‍ക്കായ് കിഫ്ബിയില്‍ നിന്നും 20.30 കോടി രൂപയാണ് ഇതിന് ചെലവുവന്നത്. ജനുവരിയില്‍ പ്രത്യേക ഐ.ടി ഓഡിറ്റ് പൂര്‍ത്തിയാക്കാനും ജില്ലാ-സംസ്ഥാനതല ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ നടത്താനും ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.

 ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അധ്യാപകര്‍ക്കും പ്രത്യേക ഐ.ടി പരിശീലനം നല്‍കി. ജില്ലയില്‍ 43 ലാപ്ടോപും 25 പ്രൊജക്ടറും ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ ലഭിച്ച സര്‍ക്കാര്‍ സ്‌കൂള്‍ ചിറ്റാര്‍ ഗവ: ഹയര്‍ സെക്കന്ററിയും 49 ലാപ്ടോപും 35 പ്രൊജക്ടറും ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ ലഭിച്ച എയ്ഡഡ് സ്‌കൂള്‍ തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്ററിയും ആണ്.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴി ജില്ലയിലെ സ്‌കൂളുകളില്‍ ഹൈടെക് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പാഠഭാഗങ്ങള്‍ ക്ലാസ്മുറിയില്‍ ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി 'സമഗ്ര' പോര്‍ട്ടലും ഉണ്ട്. 

സ്‌കൂള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, അസംബ്ലി-പാര്‍ലമെന്റ് മണ്ഡലങ്ങള്‍, ജില്ല എന്നിങ്ങനെ ഹൈടെക് ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുള്ള സ്‌കൂളുകളുടെ മുഴുവന്‍ വിശദാംശങ്ങളും 'സമേതം' പോര്‍ട്ടലായ www.sametham.kite.kerala.gov.in ല്‍ ലഭ്യമാക്കിയതായും ഹൈടെക് സ്‌കൂള്‍ ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുമെന്നും കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ സുദേവ് പറഞ്ഞു.

 

 

date