Skip to main content

ശബരിമല തീര്‍ത്ഥാടകര്‍ക്കായി സ്വാമി ഹസ്തം ആംബുലന്‍സ് സര്‍വ്വീസ്  പദ്ധതി ഒരുക്കിയിരിക്കുന്നത് കേരള പൊലീസും ഐഎംഎ യും സംയുക്തമായി

ശബരിമല തീര്‍ത്ഥാടകര്‍ക്കായി സ്വാമി ഹസ്തം ആംബുലന്‍സ് സേവനം ആരംഭിച്ചു. കേരള പോലീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവ സംയുക്തമായി ആരംഭിച്ച ട്രോമ റെസ്‌ക്യൂ ഇനിഷ്യേറ്റിവിന്റെ നേതൃത്വത്തിലാണ്  ആംബുലന്‍സ് സേവനം ആരംഭിച്ചത്. പത്തനംതിട്ട എസ്പി ഓഫീസില്‍  നടന്ന ആംബുലന്‍സ് സമര്‍പ്പണ ചടങ്ങ് തിരുവിതാംകൂര്‍  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി  ജയദേവ്. ജി  ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.

 രോഗികള്‍ക്കും പ്രായമായവര്‍ക്കും ശബരിമലയിലേക്കും, തിരിച്ചും സുഗമമായ യാത്രയൊരുക്കുന്നതിനാണ് സ്വാമി ഹസ്തം ആരംഭിച്ചത്. പുനലൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പമ്പ എന്നിവിടങ്ങളിലായി അമ്പതോളം ആംബുലന്‍സുകളുടെ സേവനം സ്വാമി ഹസ്തത്തിലൂടെ ലഭ്യമാകും.  സേവനം ആവശ്യമുള്ളവര്‍ക്ക്   അതത് പോലീസ് സ്റ്റേഷനുകളിലോ 9188 100100 എന്ന എമര്‍ജന്‍സി ആംബുലന്‍സ് നമ്പറിലേക്കോ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.

 ട്രോമ റെസ്‌ക്യു ഇനിഷ്യേറ്റിവ്  സംസ്ഥാന ചെയര്‍മാന്‍ ഡോ ശ്രീജിത്ത് എന്‍ കുമാര്‍ ചടങ്ങില്‍അദ്ധ്യക്ഷത വഹിച്ചു.  ഐ.എം.എ ഡിസ്ട്രിക് ചെയര്‍മാന്‍ ഡോക്ടര്‍ ബിലെ ഭാസ്‌കര്‍,  ടി.ആര്‍.ഐ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ജോണ്‍ പണിക്കര്‍, ഐ.എം.എ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്  ഡോ തോമസ് മാത്യു,  കെ.എ.ഡി.റ്റി.എ, എ.ഒ.ഡി.എ  എന്നീ സ്വകാര്യ ആംബുലന്‍സ് സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്നില്‍ വെച്ച് ദേവസ്വംമന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചിരുന്നു.
 

date