Skip to main content

തൊഴിലുറപ്പ് പദ്ധതി: എട്ട് മാസം, 24 ലക്ഷം തൊഴില്‍ ദിനങ്ങള്‍; ആശ്വാസമേകുന്നത് ജില്ലയിലെ 1.56 ലക്ഷം കുടുംബങ്ങള്‍ക്ക്

ഓരോ ഗ്രാമീണകുടുംബത്തിനും ഒരു വര്‍ഷം നൂറു ദിവസം വേതനത്തോടെയുള്ള തൊഴില്‍ ഉറപ്പ് നല്‍കുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞ എട്ടുമാസത്തിനിടെ ജില്ലയില്‍ സൃഷ്ടിച്ചത് 24,34,935 തൊവില്‍ ദിനങ്ങള്‍. തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 1,56,960 കുടുംബങ്ങള്‍ക്കാണ് പദ്ധതി ജീവിതാശ്വാസമായി മാറുന്നത്. ഈ കുടുംബങ്ങളില്‍ നിന്നുള്ള 2,28,005 പേരാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉപജീവനം തേടുന്നത്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 1,56,661 കുടുംബങ്ങള്‍ക്ക് ഇതിനകം തൊഴില്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. പട്ടികവര്‍ഗവിഭാഗത്തിന് തൊഴില്‍ ലഭ്യമാക്കുന്നതില്‍ സംസ്ഥാനത്ത് മികച്ച നേട്ടമാണ് ജില്ല കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലു വരെ 7361 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയെങ്കില്‍ ഈ മാസം നാലു വരെ 8438 കുടുംബങ്ങള്‍ക്കാണ് തൊഴില്‍ ലഭ്യമാക്കിയത്. ഇതിലൂടെ 1077 അധികം പട്ടികവര്‍ഗ കുടുംബങ്ങളാണ് ഈ വര്‍ഷം  തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. 

മികച്ച പ്രവര്‍ത്തനവുമായി പരപ്പ ബ്ലോക്ക്

തൊഴിലുറപ്പ് പദ്ധതിയില്‍ പരപ്പ ബ്ലോക്കാണ് ജില്ലയില്‍ മികച്ച പ്രവര്‍ത്തനവുമായി മുന്നേറുന്നത്. ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത് പരപ്പ ബ്ലോക്കാണ്. 6,96,257 തൊഴില്‍ ദിനങ്ങളാണ്  പരപ്പ ബ്ലോക്ക് സൃഷ്ടിച്ചത്. കാറഡുക്കയില്‍ 4,75,474 തൊഴില്‍ ദിനങ്ങളും, നീലേശരം 4,18,497 , കാഞ്ഞങ്ങാട് 4,14,651 , കാസര്‍കോട് 2,74,836 , മഞ്ചേശ്വരം 1,55,220 തൊഴില്‍ ദിനങ്ങളുമാണ് സൃഷ്ടിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ നൂറുദിനം പൂര്‍ത്തിയാക്കിയതും ഇതേ ബ്ലോക്കിലാണ്. ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കിയതിലും പരപ്പയാണ് മുന്നില്‍. 37,075 കുടുംബങ്ങളാണ് പരപ്പയില്‍ തൊഴില്‍ കാര്‍ഡ് നേടിയത്. നീലേശ്വരത്ത് 26,050 കുടുംബങ്ങള്‍ക്കും കാറഡുക്കയില്‍ 25,822, കാഞ്ഞങ്ങാട് 24,973 കാസര്‍കോട് 23,526 മഞ്ചേശ്വരത്ത് 19,215 കുടുംബങ്ങള്‍ക്കുമാണ് തൊഴില്‍്കാര്‍ഡ് നല്‍കിയത്.

നൂറുദിനം പൂര്‍ത്തീകരിച്ച് 1084 പേര്‍

തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ 1084 പേരാണ് നൂറുദിനം പൂര്‍ത്തീകരിച്ചത്. ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത് പരപ്പ ബ്ലോക്കാണ്. പരപ്പയില്‍ 452 പേരാണ് നൂറുദിനം പൂര്‍ത്തിയാക്കിയത്. കാറഡുക്കയില്‍ 266 പേരും കാഞ്ഞങ്ങാട് 182, കാസര്‍കോട് 124, മഞ്ചേശ്വരം 39, നീലേശ്വരത്ത് 21 പേരുമാണ് നൂറു തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയത്.

ഒരു റേഷന്‍ കാര്‍ഡ്, ഒരു കുടുംബം

ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെയാണ് ഒരു കുടുംബമായി കണക്കാക്കുന്നത്. ഇങ്ങനെയുള്ള ഒരു കുടുംബത്തിനാണ് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നത്. കുടുംബത്തിലെ അംഗങ്ങള്‍ക്ക് പരസ്പരം മാറി 100 തൊഴില്‍ ദിനം പൂര്‍ത്തീകരിക്കാവുന്നതാണ്.

ആര്‍ക്കും തൊഴില്‍ നേടാം

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലിനു വേണ്ടി ഏതൊരാള്‍ക്കും ഗ്രാമപഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്യാം. പദ്ധതി പ്രകാരം 272 രൂപയാണ് ഒരു തൊഴിലാളിക്ക് ലഭിക്കുക. ഇങ്ങനെ നൂറുദിന തൊഴിലിലൂടെ വര്‍ഷം 27,200 രൂപ ഉറപ്പ് വരുത്താന്‍ സാധിക്കും. നിലവില്‍ മറ്റു ജോലിയുള്ളവരാണെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലിലേര്‍പ്പെടുന്ന ദിവസം മറ്റു ജോലിയില്‍ നിന്നുള്ള വേതനവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നില്ലെന്ന് ഉറപ്പു വരുത്തണം. പഞ്ചായത്ത് സെക്രട്ടറിയോടാണ് തൊഴിലിനായി അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിച്ച് 15 ദിവസത്തിനകം ജോലി നല്‍കാന്‍ സെക്രട്ടറി ബാധ്യസ്തനാണ്. ഇതില്‍ കൃത്യവിലോപം കാണിച്ചാല്‍ നടപടി സ്വീകരിക്കാവുന്നതാണ്. തൊഴില്‍ ലഭ്യത ഉറപ്പു വരുത്തുന്നതിനായി പഞ്ചായത്തുകള്‍ ലേബര്‍ ബജറ്റ് തയ്യാറാക്കേണ്ടതുണ്ട്. ഇതില്‍ പഞ്ചായത്തില്‍ ഒരു വര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികളും അതിനാവശ്യമായ തൊഴില്‍ ദിനങ്ങളും നിശ്ചയിക്കണം. ഈ കര്‍മ്മപദ്ധതിക്കനുസൃതമായിരിക്കും തൊഴിലുറപ്പു പദ്ധതി നടപ്പാക്കുക. ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം 31,00,796 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനകം തന്നെ 24,34,935 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 78.52 ശതമാനം ലക്ഷ്യപൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്.

 

date