Skip to main content

പാലത്തിങ്ങല്‍ പാലം പ്രവൃത്തി അന്തിമഘട്ടത്തില്‍ കടലുണ്ടിപ്പുഴയ്ക്ക് കുറുകെ സജ്ജീകരിക്കാനുള്ളത് ഇനി ഒരു സ്ലാബ് മാത്രം

    പരപ്പനങ്ങാടി - തിരൂരങ്ങാടി റൂട്ടിലെ പാലത്തിങ്ങലില്‍ 14.5 കോടിയുടെ പുതിയ പാലം പ്രവൃത്തി അവസാനഘട്ടത്തില്‍. കടലുണ്ടി പുഴയ്ക്ക് കുറുകെ ഒരു സ്ലാബും പാലത്തിങ്ങല്‍ ഭാഗത്ത് അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പും കഴിഞ്ഞാല്‍ ഒട്ടുമിക്ക പ്രവൃത്തികളും പൂര്‍ത്തിയാകും. അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പിന് മുന്നോടിയായി റീ സര്‍വേ നടത്താനുണ്ട്. അവ പൂര്‍ത്തിയായാല്‍ പാലത്തിങ്ങല്‍ ഭാഗത്ത് അപ്രോച്ച് റോഡ് നിര്‍മ്മാണവും പുഴയ്ക്ക് കുറുകെ സ്ലാബ് സജ്ജീകരിക്കലും ആറു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.
    പാലത്തിനോടനുബന്ധിച്ച് പള്ളിപ്പടി ഭാഗത്ത് അപ്രോച്ച് റോഡ് നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ഡിസ്ട്രിക്റ്റ് ഫ്‌ളാഗ് ഷിപ്പ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി നാടുകാണി - പരപ്പനങ്ങാടി റോഡ് നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 450 കോടി രൂപയില്‍ നിന്ന് 14.5 കോടി രൂപ വിനിയോഗിച്ചാണ് പാലത്തിങ്ങലില്‍ പുതിയ പാലം പണിയുന്നത്. 2018 ഏപ്രില്‍ നാലിന് പാലം നിര്‍മ്മാണ പ്രവൃത്തി തുടങ്ങിയെങ്കിലും രണ്ട് തവണയായി ഉണ്ടായ പ്രളയം പ്രവൃത്തിയെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ പദ്ധതി പ്രവൃത്തി ഇപ്പോള്‍ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം തിരൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ മൊയ്തീന്‍ കുട്ടി പറഞ്ഞു.
    നാല്‍പ്പതോളം തൊഴിലാളികള്‍ ഇവിടെ  രാവും പകലും ജോലിയിലുണ്ട്. 2017 നവംബര്‍ 26 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
    450 കോടിയുടെ ഡിസ്ട്രിക്റ്റ് ഫ്‌ളാഗ് ഷിപ്പ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി നാടുകാണി മുതല്‍ പരപ്പനങ്ങാടി വരെയുള്ള മേഖലകളില്‍ റോഡ് നവീകരണം, ഡ്രൈനേജുകളുടെ നിര്‍മ്മാണം, നവീകരണം, സൗന്ദര്യവല്‍ക്കരണം എന്നീ പ്രവൃത്തികളാണ് നടത്തുന്നത്. 
 

date