Skip to main content

പ്രളയ പുനരധിവാസം ; ചളിക്കല്‍ കോളനി നിവാസികള്‍ക്ക് വീടൊരുങ്ങുന്നു

    പ്രളയം തകര്‍ത്ത ചളിക്കല്‍ കോളനി നിവാസികള്‍ക്ക് തണലായി  ട്രൈബല്‍ റിഹാബിലിറ്റേഷന്‍ ഡവലപ്‌മെന്റ് ജില്ലാ മിഷന്‍( ടി.ആര്‍.ഡി.എം). ഭൂരഹിതരായ 34 പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള ടി.ആര്‍.ഡി.എം ജില്ലാ മിഷനിലൂടെ ഭൂമി നല്‍കുന്നത്. ഇതിനായി ജില്ലാ ഭരണകൂടവും പട്ടിക വര്‍ഗ്ഗ വികസനവകുപ്പും എടക്കര ഗ്രാമപഞ്ചായത്തില്‍ ഉതിരകുളത്ത് ഭൂമി കണ്ടെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. 5.27 ഏക്കര്‍ ഭൂമി വാങ്ങുന്നതിനായി 1,81,23,125 രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഡിസംബര്‍ 16 നകം  ഭൂമി രജിസ്ട്രേഷന്‍ സംബന്ധമായ നടപടികള്‍ പൂര്‍ത്തീകരിക്കും. ഇവിടെ ഫെഡറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ 34 കുടുംബങ്ങള്‍ക്കും  വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. 2.10 കോടി രൂപയുടെ സമഗ്ര ഭവന നിര്‍മ്മാണ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ പ്രളയത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കവളപ്പാറയിലെ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് പോത്തുകല്ല് ചെമ്പന്‍കൊല്ലിയില്‍ ഭൂമി വാങ്ങി വീട് നിര്‍മിച്ചു നല്‍കാനും ജില്ലാതലത്തില്‍ തീരുമാനമായി. പദ്ധതി സര്‍ക്കാറിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. പ്രളയത്തില്‍ തകര്‍ന്ന കോളനികളിലെ താമസക്കാരെ പുനരധിവസിപ്പിക്കാന്‍ സ്ഥലം കണ്ടെത്താനും വീടുകള്‍  നിര്‍മിക്കാനുമുള്ള  നടപടികള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.
 

date