Skip to main content
 കോന്നി ഐ.എച്ച്ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കെട്ടിട ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കുന്നു.

ഇന്റേണല്‍ മാര്‍ക്കിന് മിനിമം മാര്‍ക്ക് എന്ന പരിധി എടുത്തു കളയും: മന്ത്രി കെ.ടി ജലീല്‍

അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള എല്ലാ എന്‍ജിനീയറിംഗ് കോളജുകളിലും  ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും  ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  ഇന്റേണല്‍ മാര്‍ക്കിന് മിനിമം മാര്‍ക്ക് എന്ന പരിധി എടുത്തു കളയുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. 75 ശതമാനം ക്ലാസില്‍ ഹാജരായ കുട്ടികള്‍ക്കായുള്ള ഇന്റേണല്‍ മാര്‍ക്കുകളും ഇല്ലാതാക്കും. കേരളത്തില്‍ ആദ്യമായി പോളിടെക്‌നിക്കുകളില്‍ ലാറ്ററല്‍ എന്‍ട്രിക്ക് അനുമതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കോന്നി ഐ.എച്ച്ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു യൂണിവേഴ്‌സിറ്റി മറ്റൊരു യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടല്‍മൂലം ഈ സമ്പ്രദായം മാറി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി എല്ലാ കോളജുകളിലും ഡിഗ്രി കോഴ്‌സുകളും പിജി കോഴ്‌സുകളും ക്ലാസുകള്‍ ഒരേ ദിവസം ആരംഭിച്ചു.

മാലിദ്വീപില്‍ നിന്നും കുട്ടികളെ ഉന്നതപഠനത്തിനായി കേരളത്തില്‍ എത്തിക്കുന്നതു സംബന്ധിച്ച് അവിടുത്തെ സര്‍ക്കാരുമായി സംസാരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരാളെയും തന്റെ വ്യക്തിത്വത്തിന്റെ പേരില്‍ കേരളത്തില്‍ ചാപ്പ കുത്തില്ല. മതപരമായ സ്വത്വം, ജാതീയ പരമായ സ്വത്വം, സംസ്‌കാരപരമായ സ്വത്വം അതിന്റെ സമ്പൂര്‍ണതയില്‍ പ്രകടിപ്പിച്ച് നിര്‍ഭയം സുരക്ഷിതമായി നമ്മുടെ സംസ്ഥാനത്ത് പഠിക്കാന്‍ കഴിയും.

  രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം ആണ് കേരളം. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം കേരളത്തിലുണ്ട്.  എന്നിട്ടും കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളില്‍ പോവുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികള്‍ പഠിക്കാനെത്തണം. അതിനായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
അടുത്ത അധ്യയന വര്‍ഷം പുതിയ കോഴ്‌സുകള്‍ കോന്നി ഐ.എച്ച്ആര്‍.ഡി കോളജില്‍ ആരംഭിക്കണം. കോന്നി ഐ.എച്ച്.ആര്‍.ഡി കോളേജിന് അടുത്തായി അടച്ചിട്ടിരിക്കുന്ന സ്‌കൂളും സ്ഥലവും കോളജിനായി അനുവദിച്ചു തരാനുള്ള നടപടികള്‍ വേഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

കോന്നി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ലഭിച്ച ഒരു കോടി രൂപയുടെയും രാജ്യസഭ എം.പി വയലാര്‍ രവിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ച 50 ലക്ഷം രൂപയുടെയും സഹായത്തോടെയാണ് ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അക്കാദമിക് ബ്ലോക്കും കമ്പ്യൂട്ടര്‍ ലാബും ലൈബ്രറി സൗകര്യങ്ങളും ഒരുക്കിയത്.
കെട്ടിട ഉദ്ഘാടന ചടങ്ങില്‍ കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ.പി.സുരേഷ്‌കുമാര്‍, ഗ്രാമ പഞ്ചായത്തംഗം ഷീജ സുരേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സി.എസ് ബിന്ദു, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.പി സന്തോഷ് കുമാര്‍, തണ്ണിത്തോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ പ്രസാദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിയായ സജി കളക്കാട്ട്, എലിമുളളംപ്ലാക്കല്‍ ജി.എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ കെ.എസ്. ഷീല, കോളജ് യൂണിയന്‍ ചെയര്‍മാന്‍ സാഹില്‍ കൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി അശ്വതി ആര്‍. നായര്‍, എന്‍.എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.എസ്. സരിതമോള്‍,  പ്രിന്‍സിപ്പല്‍ ബി. ശ്യാംലാല്‍,  പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.വി.അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date