Skip to main content

ആഭ്യന്തര ടൂറിസ ചെലവുകളും വിവിധോദ്ദേശ സൂചികകളും: പരിശീലന ക്യാമ്പിന് തുടക്കമായി

ആഭ്യന്തര ടൂറിസം സംബന്ധിച്ച സാധ്യതകളും ചെലവുകളും സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവഹണ മന്ത്രാലയത്തിന് കീഴിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് മുഖേന സർവ്വേ നടത്തുന്നു. 2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ നടക്കുന്ന 78-ാമത് സാമൂഹിക സാമ്പത്തിക സർവ്വേയ്ക്ക് മുന്നോടിയായി ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്യാമ്പിന് തുടക്കമായി. സ്റ്റാച്യുവിലെ ഹോട്ടൽ മൗര്യ രാജധാനിയിൽ നടക്കുന്ന ക്യാമ്പ് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടൂറിസ ചെലവുകളും  വിവിധോദ്ദേശ സൂചികകളും സംബന്ധിച്ച വിവരങ്ങളാണ് സർവ്വേയിലൂടെ ശേഖരിക്കുക.
ഗാർഹിക സ്വഭാവ സവിശേഷതകൾ, സന്ദർശക സവിശേഷതകൾ, ആഭ്യന്തര രാത്രികാല യാത്രകളുമായി ബന്ധപ്പെട്ട യാത്രാ സവിശേഷതകൾ എന്നീ വിവരങ്ങൾ ഇതോടൊപ്പം ശേഖരിക്കും. ടൂറിസം മന്ത്രാലയത്തിന് മൂന്നാം ടൂറിസം സാറ്റലൈറ്റ് അക്കൗണ്ട് തയ്യാറാക്കുന്നതിന് ഈ വിവരങ്ങൾ ഉപയോഗിക്കും. ആഭ്യന്തര ഏകദിന യാത്രാ ചെലവുകൾ, ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം എന്നീ വിവരങ്ങളും വിശദമായി പരിശോധിക്കും.
ഈ ഘട്ടത്തിൽ വിവിധോദ്ദേശ സൂചികകളെക്കുറിച്ചുള്ള സർവ്വേയും നടത്തുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ-2030 നു വേണ്ട പ്രധാന സൂചികകൾ വികസിപ്പിക്കുന്നതിനായുള്ള വിവരശേഖരണമാണ് എം.ഐ.എസിന്റെ ലക്ഷ്യം. കുടിയേറ്റം, 2014-15 മുതലുള്ള നഗര ഭവന നിർമ്മാണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ഭവന നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിക്കും. ഇതു കൂടാതെ പൊതുമാധ്യമ ലഭ്യത, ജനന മരണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ലഭ്യത എന്നീ വിവരങ്ങളും സർവ്വേയിലൂടെ ശേഖരിക്കുന്നു.
വിവരശേഖരണത്തിന് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനായാണ് നാല് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 20ന് നടക്കുന്ന സമാപന സമ്മേളനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ.എസ്.ഒയുടെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി ഓഫീസുകളിലെ ഉദ്യോഗസ്ഥരും ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിലെ ഉദ്യോഗസ്ഥരും പരിശീലന ക്യാമ്പിലെ ഉദ്യോഗസ്ഥരും ക്യമ്പിൽ പങ്കെടുത്തു. അസിസ്റ്റന്റ് ഡയറക്ടർ മഞ്ജു മേരി പോൾ, ജോയിന്റ് ഡയറക്ടർ മുഹമ്മദ് യാസിർ എഫ്. എന്നിവർ സംസാരിച്ചു.
പി.എൻ.എക്‌സ്.4568/19

date