Skip to main content

കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ആക്ഷേപങ്ങൾ ജനുവരി 15 വരെ ഉന്നയിക്കാം

2020 ജനുവരി ഒന്ന് യോഗ്യത തീയതിയായി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2020 ജനുവരി 15 വരെ പൊതുജനങ്ങൾക്ക് വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും തടസ്സങ്ങളും ഉന്നയിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
കരട് വോട്ടർപട്ടിക താലൂക്ക്/വില്ലേജ് ഓഫീസുകളിൽ പരിശോധനയ്ക്ക് ലഭ്യമാണ്. കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ NVSP (https://electoralsearch.in/) പോർട്ടലിലും കരട് വോട്ടർപട്ടിക പരിശോധിക്കാം.
പുതുതായി പേര് ചേർക്കുന്നതിനോ പട്ടികയിലെ വിവരങ്ങളിൽ മാറ്റംവരുത്തുന്നതിനോ, തടസ്സങ്ങൾ ഉന്നയിക്കുന്നതിനോ ഓൺലൈൻ വഴി  https://www.nvsp.in/ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
പുതുതായി അപേക്ഷിക്കുന്നതിനും നിയോജകമണ്ഡലം മാറുന്നതിനും ഫോറം 6, പ്രവാസികൾ പേര് ചേർക്കുന്നതിന് ഫോറം 6 എ, വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യുന്നതിന് ഫോറം 7, തിരുത്തലുകൾ വരുത്തുന്നതിന് ഫോറം 8, നിയോജക മണ്ഡലത്തിനുള്ളിലെ പോളിംഗ് ബൂത്ത് മാറുന്നതിന് ഫോറം 8 എ യും ഉപയോഗിക്കണം.
പൊതുജനങ്ങളും വോട്ടർമാരും ഈ അവസരം ഉപയോഗപ്പെടുത്തി വോട്ടർപട്ടികയിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തണം. രാഷ്ട്രീയപാർട്ടികളും ഈ പ്രക്രിയയിൽ സജീവമായി പങ്കെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
അന്തിമ വോട്ടർപട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായി 2020 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
പി.എൻ.എക്‌സ്.4573/19

date