Skip to main content

വിദ്യാഭ്യാസശാക്തീകരണം വികസനപ്രക്രിയയുടെ ഭാഗം -മുഖ്യമന്ത്രി പിണറായി വിജയൻ

 

* കുടുംബശ്രീ പ്രവർത്തകർക്കുള്ള പത്താംതരം, ഹയർ സെക്കൻഡറി തുല്യതാപരിപാടി 'സമ'യ്ക്ക് തുടക്കമായി
വിദ്യാഭ്യാസശാക്തീകരണം വികസനപ്രക്രിയയുടെ ഭാഗമായാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്കുള്ള പത്താംതരം, ഹയർ സെക്കൻഡറി തുല്യതാപരിപാടിയായ 'സമ'യുടെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പദ്ധതിയിലൂടെ കേരളം രാജ്യത്ത് മാതൃക സൃഷ്ടിക്കുകയാണ്. ഒരുലക്ഷം സ്ത്രീകൾ ഒന്നിച്ച് അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നത് രാജ്യത്ത് ഇതാദ്യമാണ്. ഭരണഘടനപ്രകാരം വിദ്യാഭ്യാസം പൗരാവകാശമാണ്. ഇത് യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച സ്ത്രീകൾക്ക് തുടർവിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം പകരാനും ഉന്നതവിദ്യാഭ്യാസത്തിനും തൊഴിൽനേടാനും പദ്ധതി സഹായിക്കും. ഇതിലൂടെ കുടുംബശ്രീക്ക് വിദ്യാഭ്യാസ ശാക്തീകരണപ്രവർത്തനങ്ങളിലേക്കും കടക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്.
പൊതുസമൂഹത്തിന്റെയാകെ പിന്തുണയോടെ പദ്ധതി വിജയത്തിലെത്തിക്കാനാകും. സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് സന്നദ്ധപ്രവർത്തകരായും മാറുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യഘട്ടത്തിൽ ഒരുലക്ഷം കുടുംബശ്രീ പ്രവർത്തകരാണ് പദ്ധതിയിലൂടെ തുടർവിദ്യാഭ്യാസം നേടുന്നതെങ്കിലും വരുംനാളുകളിൽ മുഴുവൻ കുടുംബശ്രീ പ്രവർത്തകരെയും ഹയർസെക്കൻഡറി വിദ്യാഭ്യാസയോഗ്യതയുള്ളവരാക്കുകയാണ് ലക്ഷ്യം.
രാജ്യത്ത് പൗരൻമാർ പലരീതിയിൽ ഭിന്നിപ്പിക്കപ്പെടുകയാണ്. അതിൽനിന്ന് വ്യത്യസ്തമായി എല്ലാ പൗരൻമാരും ഒന്നാണ് എന്ന സന്ദേശമാണ് കേരളം നൽകാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. പ്രദേശിക സർക്കാരുകൾ മുഖേന സ്ത്രീശാക്തീകരണ മേഖലയിൽ എടുക്കുന്ന മുൻകൈ നവകേരള നിർമാണത്തിന് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കിയ പുരോഗതി ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തന്നെ എക്കാലവും ശ്രദ്ധിക്കുന്ന പദ്ധതിയായി ഇത് മാറുമെന്ന് 'സമ' പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്ത പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് പറഞ്ഞു. ഔപചാരിക-അനൗപചാരിക വിദ്യാഭ്യാസമേഖലകൾ ചേർന്ന് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ ലോഗോ ഏറ്റുവാങ്ങി. സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ: പി.എസ്. ശ്രീകല സ്വാഗതവും, അസി: ഡയറക്ടർ ഡോ: വിജയമ്മ നന്ദിയും പറഞ്ഞു.
'സ്ത്രീ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ' എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷനും കുടുംബശ്രീ മിഷനും ചേർന്നാണ് 'സമ' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആദ്യഘട്ടമായി സംസ്ഥാനത്തെ 1000 തദ്ദേശസ്ഥാപനങ്ങളിലാണ് കുടുംബശ്രീ പ്രവർത്തകർക്കായി പദ്ധതി നടപ്പാക്കുന്നത്. ഒരു തദ്ദേശസ്ഥാപനത്തിൽ പത്താം ക്ലാസ്, ഹയർസെക്കൻഡറി തുല്യതാ വിഭാഗങ്ങളിൽ 50 വീതം പഠിതാക്കളെ ഉൾക്കൊള്ളിച്ചാണ് ക്ലാസ്. 1000 തദ്ദേശസ്ഥാപനങ്ങളിലായി രണ്ടു തുല്യതാ കോഴ്സുകളിലുമായി ഒരുലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തി രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ഈ മാസം 31 വരെയാണ് രജിസ്ട്രേഷൻ. പഠിതാക്കളുടെ കോഴ്സ് ഫീസും പരീക്ഷാ ഫീസും പൂർണമായും കുടുംബശ്രീ വഹിക്കും. തദ്ദേശസ്ഥാപനങ്ങളുടെ  വനിതാഘടക പദ്ധതിയിൽനിന്നോ പൊതുവികസന ഫണ്ടിൽനിന്നോ ഇതിനുള്ള തുക വിനിയോഗിക്കും.
പി.എൻ.എക്‌സ്.4580/19

date