Skip to main content

തൊഴില്‍ രഹിതര്‍ക്കായി പദ്ധതികള്‍ ശരണ്യയില്‍ 1206 വനിതകള്‍ക്ക് ധനസഹായം നല്‍കി

ജില്ലയില്‍ തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാവുകയാണ് എംപ്ലോയ്‌മെന്റ് എക്‌സേചേഞ്ച്. യുവാക്കളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിച്ച് അവര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കെസ്‌റു, മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്‌സ്, ശരണ്യ, കൈവല്യ എന്നീ പദ്ധതികളിലൂടെ ജില്ലയില്‍ നിരവധി പേരാണ് ഉപജീവന മാര്‍ഗം കണ്ടെത്തിയത്. ജില്ലയില്‍ 670 പേരാണ് കെസ്‌റു പദ്ധതിയിലൂടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയത്. തൊഴില്‍രഹിതരായ 21നും 50നും മദ്ധ്യേ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് കെസ്‌റു. പദ്ധതിയിലൂടെ വ്യക്തിഗതമായോ സംയുക്തമായോ ഗുണഭോക്താക്കള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങാം. ഒരു ലക്ഷം രൂപയാണ ഇതിനായി  വായ്പ നല്‍കുക. തുകയുടെ 20 ശതമാനം സബ്‌സിഡി അനുവദിക്കും.

  മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്ററിലൂടെ 31 ജോബ് ക്ലബ്ബുകളാണ് ജില്ലയില്‍ തുടങ്ങിയത്. 21നും 45നും മദ്ധ്യേ പ്രായമുള്ള രണ്ടോ അതില്‍ കൂടുതലോ പേരുടെ കൂട്ടായ പദ്ധതിയാണ് മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് കേന്ദ്രങ്ങള്‍.  പരമാവധി പത്ത് ലക്ഷം രൂപയാണ് വായ്പാ ലഭിക്കുക. വായ്പയുടെ  25 ശതമാനമാണ് സബ്‌സിഡി അനുവദിക്കുന്നത്.  തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍,  30 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ തുടങ്ങിയ അശരണരായ വനിതകള്‍ക്കായി എംപ്ലോയ്‌മെന്റ് വകുപ്പ് നേരിട്ട് നടത്തുന്ന സ്വയം തൊഴില്‍ പദ്ധതിയാണ് ശരണ്യ. ഈ പദ്ധതിയിലൂടെ ജില്ലയില്‍ 1206 വനിതകള്‍ക്കാണ് ഉപജീവന മാര്‍ഗം കണ്ടെത്തിയത്. 50000 രൂപയാണ് വായ്പ ലഭിക്കുന്നത്. 25000 രൂപ മാത്രമേ തിരിച്ചടച്ചാല്‍ മതി.  ഭിന്നശേഷിക്കാര്‍ക്കായി എംപ്ലോയ്‌മെന്റ് വകുപ്പ് നേരിട്ട് നടത്തുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയാണ് കൈവല്യ. ജില്ലയില്‍ 25 പേരാണ് പദ്ധതിയുടെ  ഗുണ

ഭോക്താക്കള്‍. പരമാവധി 50000 രൂപയുടെ പലിശ രഹിത വായ്പയാണ് ഇതിലൂടെ നല്‍കുന്നത്.  
  എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ തുടങ്ങിയവര്‍ അംഗങ്ങളായിട്ടുള്ള ജില്ലാ സമിതി അര്‍ഹത പരിശോധിച്ചതിന് ശേഷമാണ് സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നത്. മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്തതിന് ശേഷം വായ്പ അനുവദിക്കുന്നതിക്കും. വിദ്യാഭ്യസ യോഗ്യത മാനദണ്ഡമല്ലാതെ വായ്പ നല്‍കുന്നതിനാല്‍ നിരവധി പേര്‍ക്ക് ഈ പദ്ധതികള്‍ ഗുണകരമാകുന്നു.
 

date