Skip to main content

നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ്  ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

  ഇനി ഞാന്‍ ഒഴുകട്ടെ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ അറയ്ക്കല്‍തോടില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനത്തില്‍ ജലസംരക്ഷണം ഏറെ പ്രധാനപ്പെട്ടതാണെന്ന് എം.എല്‍.എ പറഞ്ഞു. ജലത്തിന് സുഗമമായി ഒഴുകുന്നതിന് നീര്‍ച്ചാലുകളുടെയും പുഴകളുടെയും വീണ്ടെടുപ്പും സംരക്ഷണവും  അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയായിരുന്നു.

  പ്രളയ ശേഷം മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയും ചെളി നിറഞ്ഞും കാടു മൂടിയും തോടിന്റെ സ്വാഭാവികത നഷ്ടപ്പെട്ടിരുന്ന അറയ്ക്കല്‍തോടിനെ വീണ്ടെടുത്താണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകേരള മിഷന്‍ തുടക്കം കുറിച്ചത്. തൊഴിലുറപ്പ് തൊഴിലാളികള്‍,കുടംബശ്രി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അടിഞ്ഞു കൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു.ഹരിത കര്‍മ്മ സേനകള്‍ അജൈവ മാലിന്യങ്ങള്‍ ചാക്കുകളില്‍ ശേഖരിച്ചു. തോടില്‍ അടിഞ്ഞു കൂടിയ വലിയ മണ്‍കൂനകള്‍ മൂലമുണ്ടായ തടസ്സങ്ങള്‍ യന്ത്ര സഹായത്തോടെ   നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കി. രണ്ട് കി.മി  ദൂരത്തിലാണ് തോട് വീണ്ടെടുത്തത്. തൊഴിലുറപ്പ് പദ്ധതിയില്‍ തോടിന്റെ ബാക്കി ഭാഗങ്ങളും ശുചീകരിക്കും.

  കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിച്ച്. ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് ടിംപിള്‍ മാഗി ജലപ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ് സ്വാഗതം പറഞ്ഞു.  വൈസ് ചെയര്‍മാന്‍ ഡി. രാജന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. അജിത, കൗണ്‍സിലര്‍മാരായ ആര്‍.രാധാകൃഷ്ണന്‍, പി.പി.ആലി, വി.ഹാരിസ് ചെറുകിട ജലസേചനം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ. സുഗുണന്‍ എന്നിവര്‍ സംസാരിച്ചു.   ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സത്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.ജി.ഷാരീഷ്, പ്രസന്ന, എം. റയീസ്, തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ സി.കെ. മധുസൂദനന്‍, സി.ഡി.എസ്സ് ചെയര്‍പേഴ്സണ്‍ സഫിയ അസീസ്, ഹരിതകേരളം മിഷന്‍ ജില്ലാമിഷന്‍ ടീം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

date