Skip to main content

തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം : കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം : കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കേരളത്തിന്റെ തൊഴിൽ മേഖലയിൽ സ്ത്രീകൾക്കുള്ള പങ്കാളിത്തം നൽകുന്നത് രാജ്യത്തിനുതന്നെ മാതൃകയാണെന്ന് കേന്ദ്ര തൊഴിൽ സെക്രട്ടറി എച്ച്.എൽ. സമാരിയ. ദക്ഷിണേന്ത്യൻ ലേബർ കോൺഫറൻസിന്റെ ഉപസംഹാര പ്രസംഗത്തിൽ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാങ്വറുടെ സാന്നിധ്യത്തിലാണ് തൊഴിൽ സെക്രട്ടറി തൊഴിൽ മേഖലയിൽ കേരളത്തിലെ സ്ത്രീ പങ്കാളിത്തത്തെയും ഇ.എസ്.ഐ. അടക്കം തൊഴിൽ മേഖലയിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളെയും അഭിനന്ദിച്ചത്.

കേരളത്തിന്റെ തൊഴിൽ മേഖലയിൽ 48 ശതമാനമാണ് സ്ത്രീ പങ്കാളിത്തമെന്നത് ഏറെ പ്രശംസനാർഹമാണ്. ദേശീയതലത്തിൽ ഇത് 18 മുതൽ 20 ശതമാനം വരെ മാത്രമാണ്. ഇ.പി.എഫിൽപോലും സ്ത്രീ പങ്കാളിത്തം 23 ശതമാനമായിരിക്കുമ്പോൾ കേരളത്തിൽ ഇരട്ടിയിലുമേറെയായിരിക്കുന്നത് രാജ്യത്തിനുതന്നെ മാതൃകയാണ്. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ പങ്കാളിത്തം വർധിക്കുന്നതിനൊപ്പം അവരുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്ന കേരളത്തിന്റെ മാതൃക മറ്റു സംസ്ഥാനങ്ങൾ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ഗുണനിലവാരത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഇ.എസ്.ഐ. ആശുപത്രികളും രാജ്യത്തിനു മാതൃകയാണെന്ന് സമാരിയ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഇ.എസ്.ഐ. പദ്ധതി വഴി രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശുചിത്വത്തിലും കേരളം ഇന്ത്യയ്ക്കു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

date