ഹാപ്പിഡെയ്‌സ് ഷോപ്പിംഗ് മേള: ആലംബഹീനർക്കായി ഡിസംബർ 23 ന് മഴവിൽ രാവ്
ഹാപ്പിഡെയ്‌സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 23 ന് പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും ദിവ്യാംഗർക്കുമായി നഗരം പ്രത്യേകമൊരുങ്ങുന്നു. അന്ന് വൈകീട്ട് 5.30 മുതൽ രാവോളം സ്വരാജ് റൗണ്ടിലെ ഗതാഗതം പൂർണ്ണമായും ഒഴിവാക്കി നഗരത്തിന്റെയും റൗണ്ടിന്റെയും രാത്രി സൗന്ദര്യവും ദീപലാങ്കാരങ്ങളും ഷോപ്പിംഗ് അനുഭവങ്ങളും അറിയാനുളള സൗകര്യമാണ് ജില്ലാ ഭരണകൂടവും തൃശൂർ നഗരസഭയും നഗരത്തിലെ വ്യാപാരസമൂഹവും ചേർത്തൊരുക്കുന്നത്. സ്ഥിരം കലാപരിപാടികൾക്ക് പുറമേ തെരുവ് കലാരൂപങ്ങൾ, മാജിക് ഷോ തുടങ്ങി തെരുവിനെ സജീവമാക്കുന്ന വിവിധ പരിപാടികളും അന്ന് റൗണ്ടിന് ചുറ്റും അരങ്ങേറും. വാഹനങ്ങളെ ഭയക്കാതെ ഏവർക്കും റൗണ്ടിലൂടെ സഞ്ചരിക്കാൻ കഴിയുവെന്നതാണ് 23 ന്റെ രാത്രിയുടെ പ്രത്യേകത.
സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, ചേംബർ ഓഫ് കോമേഴ്‌സ്, വീൽ ചെയർ അസോസിയേഷൻ, നഗരത്തിലെ മറ്റ് സാമൂഹ്യക്ഷേമ സംഘടനകൾ, സന്നദ്ധസംഘടനകൾ, വിവിധ തൊഴിലാളി സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് 23 ന്റെ പ്രത്യേക രാവ് സംഘടിപ്പിക്കുക.
അസുഖങ്ങൾ, മറ്റ് പലവിധ പ്രശ്‌നങ്ങൾ തുടങ്ങിയവയാൽ പുറംലോകത്ത് എത്തിപ്പെടാൻ കഴിയാതെ വീട്ടുമുറിക്കുളളിലും അശരണാലയങ്ങളിലും കഴിയുന്നവരെ നഗരത്തിന്റെ വർണ്ണച്ചാർത്തുകൾ നിർഭയമന്യേ കാണിക്കുകയും അനുഭവിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ചേംബർ ഓഫ് കോമേഴ്‌സിനാണ് പരിപാടി നടത്തിപ്പിന്റെ നേരിട്ടുളള ചുമതല. അന്ന് നഗരം കാണാനെത്തുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചേംബർ ഓഫ് കൊമേഴ്‌സ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാം. വിലാസം: ദ ചേംബർ ഓഫ് കൊമേഴ്‌സ്, പാലസ് റോഡ്, തൃശൂർ 20. ഫോൺ: 0487 2331091, 2331236. സെക്രട്ടറിയുടെ ഫോൺ: 9447088201. 23 ന് വൈകീട്ട് നഗരത്തിലെത്തുന്ന നടക്കാൻ പ്രയാസമുളളവർ റൗണ്ട് ചുറ്റാൻ പ്രത്യേക തുറന്ന വാഹനം ഏർപ്പെടുത്താൻ ആലോചനയുണ്ടെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. പരിപാടി നടത്തിപ്പ് സംബന്ധിച്ച ആലോചന യോഗം കഴിഞ്ഞ ദിവസം ചേർന്നു. ഹാപ്പിഡേയ്‌സ് രാത്രികാല ഷോപ്പിംഗ് മേളയുടെ ദൃശ്യ ശ്രാവ്യ വിപണനാനുഭവങ്ങൾ എല്ലാവർക്കും അനുഭവവേദ്യമാക്കുന്നതിനായാണ് ഇത്തരമൊരു പ്രത്യേക രാത്രി തീരുമാനിച്ചതെന്നും എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
- Log in to post comments