Skip to main content

ജലസംരക്ഷണം; കോട്ടയം ജില്ലയ്ക്ക് ദേശീയ പുരസ്‌കാരം സമ്മാനിച്ചു

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്തു നടപ്പാക്കിവരുന്ന  വിവിധ പ്രവൃത്തികളിലെ മികവിനുള്ള ദേശീയ ജല സംരക്ഷണ പുരസ്‌കാരം കോട്ടയം ജില്ലയ്ക്ക് സമ്മാനിച്ചു.
ന്യൂഡല്‍ഹി നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് കോംപ്ലക്‌സിലെ സി. സുബ്രഹ്മണ്യം ഹാളില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് പുരസ്‌കാരദാനം നിര്‍വഹിച്ചത്. 

കോട്ടയം ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും  തൊഴിലുറപ്പ് പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. ഷിനോയും ചേര്‍ന്ന് ഫലകവും സാക്ഷ്യപത്രവും അടങ്ങുന്ന പുരസ്‌കാരം ഏറ്റുവാങ്ങി. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയ്ക്കാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. 

ഗ്രാമവികസന വകുപ്പ് സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി, വകുപ്പ് സെക്രട്ടറി അമര്‍ജിത് സിന്‍ഹ, സ്‌പെഷ്യല്‍ സെക്രട്ടറി പ്രസാദ് കുമാര്‍ തുടങ്ങിയവര്‍ പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുത്തു. 

ബണ്ടുകള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയുടെ വശങ്ങള്‍ ബലപ്പെടുത്തി കയര്‍ ഭൂവസ്ത്രം വിരിക്കുന്നതും തോടുകളുടെ ആഴം കൂട്ടി നീരൊഴുക്കു വര്‍ധിപ്പിക്കുന്നതും തരിശു പാടശേഖരങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതു പരിഗണിച്ചാണ് കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ പുരസ്‌കാരത്തിന് കോട്ടയം ജില്ലയെ തിരഞ്ഞെടുത്തത്.

date