Skip to main content
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം തയാറാക്കിയ കൈപ്പുസ്തകം രാജു ഏബ്രഹാം എംഎല്‍എയില്‍ നിന്നും ഏറ്റുവാങ്ങി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്യുന്നു.

ശബരിമല തീര്‍ഥാടനം: കൈപ്പുസ്തകം പ്രകാശനം ചെയ്തു

ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം തയാറാക്കിയ കൈപ്പുസ്തകം രാജു ഏബ്രഹാം എംഎല്‍എയില്‍ നിന്നും ഏറ്റുവാങ്ങി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. 

പമ്പയിലെ ദേവസ്വം കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന ചടങ്ങില്‍ പി.സി ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി,  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, ദേവസ്വം ബോര്‍ഡ്  മെമ്പര്‍ അഡ്വ.എന്‍. വിജയകുമാര്‍, പൊതുഭരണ-ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്, കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ശബരിമല എഡിഎം:എന്‍.എസ്.കെ ഉമേഷ്, തിരുവല്ലാ സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എം.ഹര്‍ഷന്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ജി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചുമതലകള്‍കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനാണ് കൈപ്പുസ്തകം തയാറാക്കിയിരിക്കുന്നത്. ദുരന്തസാഹചര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നുള്ള നിര്‍ദേശം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും വിവരങ്ങള്‍ ഭൂപടം അടക്കം നല്‍കിയിട്ടുള്ളതിനാല്‍ വളരെ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സഹായകമാകും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, ക്രമസമാധാനപാലനം ഉറപ്പുവരുത്തുക, ശബരിമലയെ പ്ലാസ്റ്റിക്മുക്ത മേഖലയായി നിലനിര്‍ത്തുക എന്നിവയാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ പ്രധാന ചുമതലകള്‍. എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ നേതൃത്വത്തില്‍ ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നിനു വേണ്ട എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് കൈപ്പുസ്തകം തയാറാക്കിയിട്ടുള്ളതെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് പറഞ്ഞു. 

 

 

 

date