Skip to main content

ശബരിമല തീര്‍ഥാടനം; ഹോട്ടലുകളില്‍ സ്‌പെഷല്‍ സ്‌ക്വാഡ്  മിന്നല്‍ പരിശോധന നടത്തി

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലും ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. പൈപ്പ്‌ലൈന്‍ വഴി നിര്‍ദ്ദിഷ്ട രീതിയില്‍ സുരക്ഷാ മാനദണ്ഡങ്ങളോടെ എല്‍.പി.ജി ഉപയോഗിക്കുന്ന ഹോട്ടലുകള്‍ ഒഴികെയുളള സ്ഥാപനങ്ങള്‍ ഒരേസമയം അഞ്ച് കോമേഴ്ഷ്യല്‍ സിലിണ്ടറുകളില്‍ കൂടുതല്‍ (100 കി.ഗ്രാം) ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ അംഗീകരിച്ച ഭക്ഷ്യ സാധനങ്ങളുടെ വിലവിവരപ്പട്ടിക  പൊതുജനങ്ങള്‍ കാണുന്ന സ്ഥലത്ത് വ്യക്തമായി  പ്രദര്‍ശിപ്പിക്കുവാനും നിശ്ചയിച്ച വിലയില്‍ കൂടുതല്‍ ഒരു കാരണവശാലും ഈടാക്കരുതെന്നും ഹോട്ടല്‍ നടത്തിപ്പുകാരോട് നിര്‍ദ്ദേശിച്ചു. 

മരക്കൂട്ടം മുതല്‍ സന്നിധാനം ഉള്‍പ്പെടെയുളള ഭാഗങ്ങളിലെ 12 ഹോട്ടലുകളും 1 ബേക്കറിയും പരിശോധിച്ചു.  കാലിയായ ഗ്യാസ് സിലിണ്ടറുകള്‍ കൂടുതലായി കാണപ്പെട്ടത് സ്‌ക്വാഡിന്റെ സാന്നിധ്യത്തില്‍ മാറ്റി. പമ്പയില്‍ 15 ഹോട്ടലുകളും 1 ഫ്രൂട്ട് സ്റ്റാളും പരിശോധിച്ചു. നിലയ്ക്കല്‍, പ്ലാപ്പളളി, നാറാണംതോട്, തുലാപ്പളളി ഭാഗങ്ങളിലുമായി 23 ഹോട്ടലുകളിലും പരിശോധന നടത്തി. ആകെ 52 സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ ടീമിന്റെ പരിശോധന നടന്നു. പ്രത്യേക പരിശോധനാ ടീമിന്റെ മിന്നല്‍ പരിശോധനകള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

ജില്ലാ കളക്ടറുടെയും ശബരിമല സ്‌പെഷ്യല്‍ ഓഫീസറുടെയും പ്രത്യേക നിര്‍ദ്ദേശ പ്രകാരം ശബരിമല മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും എല്‍.പി.ജി/വിലനിലവാര സംബന്ധമായ പരിശോധനയ്ക്ക് വേണ്ടിയുള്ള മൂന്ന് ടീമുകളാണ് പരിശോധന നടത്തിയത്.

date