Skip to main content

ശബരിമല തീര്‍ഥാടനം; മല കയറുമ്പോള്‍  അതീവ ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 

ശബരിമല തീര്‍ഥാടകര്‍  മല കയറുമ്പോള്‍ ഹൃദയാഘാതം ഉണ്ടാകാതിരിക്കാന്‍  അതീവശ്രദ്ധ വേണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു.  ഈ തീര്‍ഥാടന കാലത്ത്  മല കയറുമ്പോഴുണ്ടായ 14 മരണങ്ങളില്‍ ആറുപേരും  40 വയസില്‍ താഴെ പ്രായമുളളവരാണ്.   വ്യായാമമില്ലായ്മയും  തെറ്റായ ആഹാര രീതിയുമൊക്കെ  ഈ അവസ്ഥയ്ക്ക് കാരണമാകാം. 

പമ്പ മുതല്‍ സന്നിധാനം വരെ ശരണപാതയില്‍  അടിയന്തര വൈദ്യ സഹായകേന്ദ്രങ്ങള്‍  പ്രവര്‍ത്തിക്കുന്നുണ്ട്.  ഇവയില്‍ ഹൃദയ പുനരുജീവന യന്ത്രം  ഉള്‍പ്പെടെയുളള സജ്ജീകരണങ്ങള്‍ ഉണ്ട്.  പരിശീലനം ലഭിച്ച നേഴ്സുമാരുടെ സേവനം  ഈ കേന്ദ്രങ്ങളില്‍ നിന്നും  ലഭിക്കും. മല കയറുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍  ഉണ്ടാകുന്നവരെ  ആരോഗ്യകേന്ദ്രങ്ങളില്‍  എത്തിക്കാന്‍  അയ്യപ്പ സേവാ സംഘം  വോളണ്ടിയര്‍മാരുടെ  സേവനം ലഭ്യമാണ്. നിലയ്ക്കല്‍, പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, ചരല്‍മേട് ആശുപത്രികളില്‍ ഹൃദ്രോഗ വിദഗ്ധരുടെ  സേവനം ലഭ്യമാണ്. വളരെ  സാവധാനം മാത്രമേ  മല കയറാവൂ.   കിതപ്പോ നെഞ്ചുവേദനയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായാല്‍ കയറ്റം നിര്‍ത്തി  വൈദ്യസഹായം തേടണം.  വയറു നിറയെ ആഹാരം കഴിച്ച ശേഷം ഉടന്‍  മല കയറരുത്.  ശബരിമല തീര്‍ഥാടനത്തിന് തയ്യാറെടുക്കുന്നവര്‍ പതിവായി നടപ്പുള്‍പ്പടെയുളള വ്യായാമങ്ങള്‍  ചെയ്യണമെന്ന്  ഡി.എം.ഒ നിര്‍ദ്ദേശിച്ചു.

 

date