Skip to main content

ട്രാന്‍സ് കാന്റീന്‍ ഉദ്ഘാടനം ഇന്ന്

 

 

ജില്ലാ ഭരണകൂടം, കുടുംബശ്രീ, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ പിന്തുണയോടെ പാലക്കാട് കളക്ട്രേറ്റില്‍ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ  ട്രാന്‍സ് കാന്റീന്‍  ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 13) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് അധ്യക്ഷത വഹിക്കും. പാലക്കാട് ജില്ലാകളക്ടര്‍ ഡി. ബാലമുരളി, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ എന്നിവര്‍ മുഖ്യാതിഥികളാവും.

ആവിയില്‍ വേവിച്ചെടുത്ത ഇലയടയും കൊഴുക്കട്ടയും ഇടിയപ്പവും പുട്ടും ഇഡ്ഡലിയും എണ്ണക്കടികളും ഉച്ചയ്ക്ക് ചട്ടിക്കഞ്ഞിയും പുഴുക്കും  ഉള്‍പ്പെടെ സിവില്‍ സ്റ്റേഷനുള്ളില്‍ കിടിലന്‍ രുചികളുമായാണ് 'ട്രാന്‍സ് കാന്റീന്‍' ആരംഭിക്കുകയാണ്.  ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളുടെയും പൂര്‍ണ പിന്തുണയോടെയാണ് ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.  പത്ത് പേര്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ ട്രാന്‍സ്ജന്‍ഡര്‍ അയല്‍ക്കൂട്ടമായ ഒരുമയാണ് കാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നത്.രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് കാന്റീനിന്റെ പ്രവര്‍ത്തന സമയം. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം ഒരുക്കും. രാത്രി ഓര്‍ഡറുകള്‍ അനുസരിച്ച് ഭക്ഷണം നല്‍കുന്നുമുണ്ട്. കാന്റീന് നടത്തുന്നതിന് ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ച 10 ലക്ഷം രൂപയുടെ സബ്‌സിഡി സഹായത്തോടെയാണ് കാന്റീന്‍ ആരംഭിക്കുന്നത്. നിലവില്‍ സിവില്‍ സ്റ്റേഷനകത്ത് വാടക കെട്ടിടത്തിലാണ് കാന്റീന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി ആരംഭിച്ച ഒരു കൂട്ടായ്മയുടെ തുടക്കകാലത്ത് തന്നെയുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു കാന്റീന്‍.  ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് എല്ലാവരെയും പോലെ തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവകാശം ഉറപ്പു വരുത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് അംഗങ്ങളായ വര്‍ഷ നന്ദിനി, മഞ്ജു,  ജയപ്രകാശ് തുടങ്ങിവര്‍ പറഞ്ഞു . ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീയും സാമൂഹ്യനീതി വകുപ്പും പിന്തുണച്ചതോടെ നിരവധി പേരാണ് ഇവര്‍ക്ക് പിന്തുണയുമായി എത്തിയത്. കാന്റീനില്‍ ഒതുങ്ങാതെ പതിയെ കാറ്ററിംഗ് ഓര്‍ഡറുകളും ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് ട്രാന്‍സ് കാന്റീന്‍ കൂട്ടായ്മ.  

date