Skip to main content

റോഡരികിലെ അനധികൃത പാര്‍ക്കിങ്ങ്: കര്‍ശന നടപടിക്ക് റോഡ് സുരക്ഷാ കൗണ്‍സില്‍ റോഡ് കയ്യോറ്റങ്ങള്‍ ഒഴിപ്പിക്കും

ദേശീയ പാതക്കും പൊതുമരാമത്ത് റോഡുകള്‍ക്കും അരികിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ പൊലീസ്, ആര്‍ടിഎ, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് യോഗം നിര്‍ദേശം നല്‍കി. പലയിടങ്ങളിലും പ്രധാന റോഡുകള്‍ക്ക് അരികിലെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി അനധികൃതമായി വാഹന പാര്‍ക്കിങ്ങിനായി ഉപയോഗിക്കുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. പലപ്പോഴും ഗതാഗത തടസ്സത്തിനും റോഡ് അപകടങ്ങള്‍ക്കും ഇത് കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടു.
പൊതുസ്ഥലങ്ങളും റോഡ് പുറമ്പോക്കും കയ്യേറിയുളള തട്ടുകടകളും അടിയന്തരമായി നീക്കം ചെയ്യും. ഇത്തരം സ്ഥലങ്ങള്‍ പരിശോധിച്ച് അനധികൃത പാര്‍ക്കിങ്ങും റോഡ് കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന സ്വകാര്യ ബസ്സ് ജീവനക്കാര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകും. ഇത്തരം പരാതികള്‍ വിദ്യാര്‍ഥികള്‍ അതത് പൊലീസ് സ്‌റ്റേഷനിലോ ആര്‍ടിഒ അധികൃതരെയോ അറിയിക്കണം. ഇത്തരം പരാതികളില്‍ കര്‍ശനമായ നടപടിയെടുക്കാന്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും ജില്ലാ പൊലീസ് അധികാരികള്‍ പ്രത്യേക നിര്‍ദേശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
അപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും ട്രോമ കെയര്‍ വളണ്ടിയര്‍മാരുടെ സംഘം രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. ഓരോ സ്‌റ്റേഷന്‍ പരിധിയിലും അമ്പത് പേരടങ്ങുന്ന വളണ്ടിയര്‍ സംഘത്തെയാണ് പരിശീലനം നല്‍കി സജ്ജരാക്കുക. അതത് പ്രദേശത്തെ തല്‍പ്പരരായ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ട്രോമ കെയര്‍ വളണ്ടിയര്‍മാരായി പരിശീലിപ്പിക്കുക. താല്‍പ്പര്യമുളളവര്‍ അതത് പൊലീസ് സ്‌റ്റേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷനല്‍ എസ്പി വി ഡി വിജയന്‍, ആര്‍ടിഒ വി വി മധുസൂദനന്‍, പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷാകുമാരി, ദേശീയപാതാ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വി ശശി, കെ ഹരീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

date