Skip to main content
ലൈഫ് മിഷന്‍ ഭവന പദ്ധതി വീടു പൂര്‍ത്തികരിച്ച ഗുണഭോക്താക്കളുടെ സംഗമവുമായി ബന്ധപ്പെട്ട് അവലോകന യോഗം ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

ലൈഫ് ഗുണഭോക്തൃസംഗമം: വീട് ലഭിച്ച മുഴുവന്‍ കുടുംബങ്ങളെയും പങ്കെടുപ്പിക്കും ബ്ലോക്ക്, നഗരസഭാ തലത്തില്‍ വിപുലമായ സംഘാക സമിതികള്‍

ലൈഫ് പദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലങ്ങളിലും ജില്ലാ തലത്തിലും വിപുലമായ രീതിയില്‍ ജനുവരി 15നകം സംഘടിപ്പിക്കാന്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന ജില്ലാതല യോഗം തീരുമാനിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കള്‍ക്ക് ജീവനോപാധി ലഭ്യമാക്കുന്നതിനും അവര്‍ നേരിടുന്ന ആവശ്യങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ പരിഹരിക്കുന്നതിനുമാണ് കുടുംബസംഗമവും അദാലത്തും സംഘടിപ്പിക്കുന്നത്. സംഗമങ്ങളില്‍ ഇതിനകം വീട് ലഭിച്ച മുഴുവന്‍ കുടുംബങ്ങളെയും പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. റേഷന്‍ കാര്‍ഡ് തിരുത്തല്‍, ആധാര്‍ കാര്‍ഡ്, കുടിവെള്ള, വൈദ്യുതി, ഗ്യാസ് കണക്ഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിരവധി ഓഫീസുകള്‍ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കി പരമാവധി കാര്യങ്ങള്‍ ഒരേവേദിയില്‍ വെച്ച് ചെയ്തുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. ബ്ലോക്ക് തലത്തില്‍ നടക്കുന്ന സംഗമങ്ങളില്‍ ബ്ലോക്ക് പരിധിയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലെയും ഗുണഭോക്താക്കളായ കുടുംബങ്ങളാണ് പങ്കെടുക്കേണ്ടത്. നഗരസഭാ, കോര്‍പ്പറേഷന്‍ തലത്തിലും സംഗമങ്ങള്‍ നടക്കും. തുടര്‍ന്ന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും ഓരോ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചാണ് ജില്ലാതല സംഗമം നടത്തുക. സംഘാടക സമിതി രൂപീകരണ യോഗങ്ങള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
സംഗമങ്ങളില്‍ ഉയര്‍ന്നുവരുന്ന പൊതുവായ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ആലോചനായോഗത്തില്‍ അധ്യക്ഷനായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. വിപുലമായ നിലയില്‍ സംഘാടക സമിതികള്‍ രൂപീകരിച്ച് ഗുണഭോക്തൃ സംഗമങ്ങള്‍ അര്‍ഥപൂര്‍ണമാക്കാന്‍ എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരും മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ലൈഫ് പദ്ധതിയില്‍ വീട് നിര്‍മിച്ച് കിട്ടിയ കുടുംബങ്ങളുടെ സാമൂഹ്യ ക്ഷേമ, സേവന കാര്യങ്ങളില്‍ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനമാണ് സംഗമവും അദാലത്തും വഴി ലക്ഷ്യമാക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. വീട് ലഭിച്ച് പുതിയ കുടുംബമായി ജീവിതം തുടങ്ങുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായെന്നു വരും. അത്തരം പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.
ലൈഫ് പദ്ധതിയില്‍ സന്നദ്ധ സേവനവും സംഭാവനയും നല്‍കിയ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരെ സംഗമങ്ങളില്‍ ആദരിക്കും. 20 ഓളം വകുപ്പുകളിലെയും ബന്ധപ്പെട്ട ഏജന്‍സികളിലെയും ജില്ലാതല ഉദ്യോഗസ്ഥര്‍ സംഗമങ്ങളില്‍ പങ്കെടുക്കും. ഓരോ സംഗമത്തിനും ഒരു ജില്ലാതല ഉദ്യോഗസ്ഥന് പ്രത്യേക ചുമതലയും ഉണ്ടാകും. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് സംഗമങ്ങളുടെ സംഘാടന ചുമതല.
ജില്ലാ തലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായി രൂപീകരിച്ച സംഘാടക സമിതിയാണ്  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
യോഗത്തില്‍ എഡിഎം ഇ പി മേഴ്‌സി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി കെ ദിലീപ്, തൊഴിലുറപ്പ് പദ്ധതി ജോ. ഡയറക്ടര്‍ കെ എം രാമകൃഷ്ണന്‍, ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എ അനില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date