Skip to main content
പൊടിപൊടിച്ച് വര്‍ണ പപ്പടങ്ങള്‍

പൊടിപൊടിച്ച് വര്‍ണ പപ്പടങ്ങള്‍

ഉഴുന്ന് കൊണ്ടുള്ള സാധാരണ പപ്പടം കഴിച്ച് മടുത്തോ? എങ്കില്‍ നേരെ ദേശീയ സരസ്  മേളയിലേക്ക് പോന്നോളൂ... പല നിറങ്ങളിലും രുചികളിലുമുള്ള പപ്പടങ്ങള്‍ ഇവിടെയുണ്ട്.  പച്ചമുളക്,  ചുവ മുളക്, വെളുത്തുള്ളി, ഉള്ളി,  അയമോദകം, പുതിന, പച്ചചീര, തക്കാളി,  ബീറ്റ്‌റൂട്ട്, ജീരകം,  കാരറ്റ്,  ഇഞ്ചി, പപ്പായ തുടങ്ങിയവ കൊണ്ടുള്ള വര്‍ണ പപ്പടങ്ങളാണ് മേളയില്‍ വ്യത്യസ്ത രുചികള്‍ തീര്‍ക്കുന്നത്. തിരുവനന്തപുരത്തെ അപൂര്‍ണ കുടുംബശ്രീ യൂണിറ്റും ശ്രീകണ്ഠാപുരത്തെ  ഒരുമ സ്റ്റാളുമാണ് പച്ചക്കറികള്‍ കൊണ്ടുള്ള പപ്പട രുചികള്‍ മേളയില്‍ പരിചയപ്പെടുത്തുന്നത്.  കാഴ്ച്ചയില്‍ കുഞ്ഞനാണെങ്കിലും പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഈ പപ്പടങ്ങള്‍.
കണ്ണൂരുകാര്‍ക്ക് പച്ചക്കറി പപ്പടങ്ങള്‍ അത്ര പരിചിതമല്ലാത്തതിനാല്‍  പുതുരുചി തേടിയാണ് ആളുകള്‍  ഈ സ്റ്റാളുകളില്‍ എത്തിച്ചേരുന്നത്. ചക്കപ്പൊടി,  കപ്പയുടെ പാല്‍, അരിപ്പൊടി എന്നിവ പപ്പടത്തില്‍ ചേര്‍ക്കുന്നുണ്ടെങ്കിലും പ്രധാന ചേരുവ അരച്ചുചേര്‍ക്കുന്ന പച്ചക്കറികള്‍ തെന്നയാണ്. ചോറിനൊപ്പം മാത്രമല്ല, ഈ പപ്പടം സ്‌നാക്‌സായും ചിപ്‌സായും ഉപയോഗിക്കാവുതാണ്.
ഒരുമയ്ക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും ബ്രാഞ്ചുകള്‍ ഉണ്ട്. മലപ്പുറം ജില്ലയാണ് പ്രധാന കേന്ദ്രം. കേരളത്തിലെ എല്ലാ ബ്രാഞ്ചുകളിലേക്കും പപ്പടം എത്തുന്നത് മലപ്പുറത്തുനിന്നാണ്. ഏഴ് വര്‍ഷമായി ഇവര്‍ പപ്പട നിര്‍മാണ രംഗത്ത് ഉണ്ട്. 250 ഗ്രാമിന് 100 രൂപ എന്ന നിരക്കിലാണ് യൂണിറ്റുകള്‍ വില്പന നടത്തുന്നത്. പലവിധ പപ്പടങ്ങള്‍ ഒരു പാക്കറ്റിലാക്കിയും  വില്‍പ്പന നടത്തുന്നുണ്ട്.  
 

date