Skip to main content

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ  ജില്ലാതല കുടുംബസംഗമവും അദാലത്തും ജനുവരി 25ന് സംഘാടക സമിതി രൂപീകരിച്ചു

 

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭവനങ്ങള്‍ പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളെ അണിനിരത്തി സംഘടിപ്പിക്കുന്ന ലൈഫ് ഗുണഭോക്താക്കളുടെ ജില്ലാതല കുടുംബസംഗമം ഡിസംബര്‍ 25ന് മലപ്പുറം കലക്ടറേറ്റ് പരിസരത്ത് വിപുലമായി സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീല്‍ അറിയിച്ചു.  ലൈഫ് ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനും വിവിധ രേഖകളുടെ ലഭ്യതയിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനുമായി സംഗമത്തിന്റെ ഭാഗമായി അദാലത്തും സംഘടിപ്പിക്കും. ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ജില്ലാതല കുടുംബസംഗമം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും സ്വാഗതാര്‍ഹം ചെയ്ത് വിജയകരമായി നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈഫ് പദ്ധതിയിലും മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ അഭിമാനിക്കുന്നുവെന്നും ജില്ലയിലെ ലൈഫ് ഗുണഭോക്ത സംഗമം ചരിത്രമായിരിക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. ലൈഫ് മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി സംസ്ഥാന തലത്തില്‍ രണ്ടുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കുന്നതിന് മുന്നോടിയായാണ് ജില്ലാതലത്തില്‍ ഭവനങ്ങള്‍ പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തികൊണ്ട് ജില്ലാതലസംഗമം സംഘടിപ്പിക്കുന്നത്. 
ജില്ലാതലത്തില്‍ ലൈഫ്/പി.എം.എ.വൈ പദ്ധതികളിലൂടെ ഒന്ന്,രണ്ട് ഘട്ടങ്ങളിലായി ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച 12593 വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നിര്‍വഹിക്കും. ജില്ലയില്‍ ഭവന നിര്‍മ്മാണത്തിനായി എഗ്രിമെന്റ് വെച്ച  21560 വീടുകളില്‍ ഇതുവരെ 12593 ഭവനങ്ങളാണ് പദ്ധതി പ്രകാരം പൂര്‍ത്തികരിച്ചത്. 2020 ജനുവരി 31നകം 16450 വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കും. ജില്ലാതല സംഗമത്തില്‍ ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്താക്കളും, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും, സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍,നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ സംഗമത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച  തദ്ദേശ സ്വയംഭരണസ്ഥാപനത്തിനും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ഉപഹാരം നല്‍കും.
ജില്ലാതല കുടുംബസംഗമത്തിനായി രക്ഷാധികാരിയായി മന്ത്രി ഡോ.കെ.ടി ജലീലിലിനെയും ചെയര്‍മാനായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  എ.പി ഉണ്ണികൃഷ്ണന്‍, കണ്‍വീനറായി ജില്ലാകലക്ടര്‍ ജാഫര്‍ മലിക്, ജോയിന്റ് കണ്‍വീനര്‍ ജില്ലാപഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചു. ലൈഫ് ഗുണഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍-ഏജന്‍സികളുടെയും സ്റ്റാളുകള്‍ സഹായ കേന്ദ്രങ്ങള്‍ എന്നിവ സജ്ജമാക്കും. സഹായ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുകയും സേവനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്യും.
ജനുവരി 15നകം  ബ്ലോക്ക്-മുന്‍സിപ്പാലിറ്റി-നഗരസഭാ തലത്തിലും കുടുംബ സംഗമങ്ങളും സംഘടിപ്പിക്കും. ലൈഫ് ഒന്ന്, രണ്ട് ഘട്ടങ്ങളിലും കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് ഭവനങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ബ്ലോക്ക് തല കുടുംബസംഗമത്തില്‍ പങ്കെടുക്കും. ഇതോടൊപ്പം  ലൈഫ് ഗുണഭോക്താക്കളെ സംസ്ഥാന- കേന്ദ്ര സര്‍ക്കാരിന്റെ  വിവിധ ക്ഷേമ പദ്ധതികളിലും  സേവനങ്ങളിലും ഉള്‍പ്പെടുന്നതിനായി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ബ്ലോക്ക്/നഗരസഭ/കോര്‍പ്പറേഷന്‍ തലത്തില്‍ അദാലത്തും സംഘടിപ്പിക്കും.
ബ്ലോക്ക്, മുനിസിപ്പാലിറ്റികളിലെ സംഗമത്തോടൊപ്പം ഐ.ടി, ലീഡ് ബാങ്ക്, റീജനല്‍ ബാങ്ക്, സിവില്‍ സപ്ലൈസ്, ഗ്യാസ് ഏജന്‍സികള്‍, സാനിറ്റേഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, വ്യവസായം, ഫിഷറീസ്, ബാംബൂ കോര്‍പറേഷന്‍, ഡയറി, കൃഷി, ഗ്രാമവികസനം, പട്ടികവര്‍ഗം, പട്ടികജാതി, ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസനം, റവന്യൂ, പഞ്ചായത്ത്, ധനകാര്യം എന്നീ ഇരുപതോളം സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് അദാലത്തും നടത്തും.
അദാലത്തില്‍ ആധാര്‍,  റേഷന്‍കാര്‍ഡ് തിരുത്തല്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കല്‍, ബാങ്കിങ് സേവനം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍, റവന്യൂരേഖകള്‍, പട്ടികജാതി -പട്ടികവര്‍ഗ, ആരോഗ്യവകുപ്പ് പദ്ധതികള്‍ പ്രധാനമന്തി ഉജ്വല്‍ യോജന പദ്ധതി തുടങ്ങിയവയുടെ സേവനങ്ങളാണ് ലഭ്യമാക്കുക.
 യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍,. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍, എ.ഡി.എം എന്‍.എം മെഹ്‌റലി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ നാസര്‍, പി.എം.എ.വൈ പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ സി.രാജേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അദാലത്തില്‍ പങ്കെടുക്കുന്ന വകുപ്പുകളും സേവനങ്ങളും
ആധാര്‍ തിരുത്തല്‍, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് (അക്ഷയ), ബാങ്ക് അക്കൗണ്ട് (ലീഡ് ബാങ്ക് / റീജിയണല്‍ ബാങ്ക്), റേഷന്‍ കാര്‍ഡ് തിരുത്തല്‍ (സിവില്‍ സപ്ലൈസ്), പ്രാധനമന്ത്രി ഉജ്വല്‍ യോജന (ഗ്യാസ് ഏജന്‍സികള്‍), സ്വച്ച് ഭാരത് അഭിയാന്‍ (സാനിറ്റേഷന്‍ / ശുചിത്വ മിഷന്‍), ഡി.ഡി.യു.ജെ.കെ.വൈ തൊഴില്‍ പരിശീലനം (കുടുംബശ്രീ), തൊഴില്‍ കാര്‍ഡ് (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്), ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ (വ്യവസായ വകുപ്പ്), മത്സ്യ കൃഷി (ഫിഷറീസ്), മുള കൃഷി (ബാംബു കോര്‍പ്പറേഷന്‍), ഡയറി വകുപ്പ് പദ്ധതികള്‍ (ഡയറി ഡിപ്പാര്‍ട്ട്മെന്റ്), കൃഷി പദ്ധതികള്‍(കൃഷി വകുപ്പ്),   എം.കെ.എസ്.പി പദ്ധതികള്‍ (ബ്ലോക്ക് പഞ്ചായത്ത്), പട്ടികവര്‍ഗ്ഗ വകുപ്പ് പദ്ധതികള്‍ (പട്ടിക വര്‍ഗ്ഗ വകുപ്പ്), പട്ടികജാതി വകുപ്പ് പദ്ധതികള്‍ (പട്ടികജാതി വകുപ്പ്), ആരോഗ്യ വകുപ്പ് പദ്ധതികള്‍ ആരോഗ്യ വകുപ്പ്), സാമൂഹ്യക്ഷേമ പദ്ധതികള്‍ (സാമൂഹ്യ നീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്), റവന്യൂ രേഖകള്‍ (റവന്യൂ വകുപ്പ്), സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ (പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്)
 

date