Skip to main content

സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍:  കൈപ്പുസ്തകം പ്രകാശനം ചെയ്തു

 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച കൈപുസ്തകം 'സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍' ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പ്രകാശനം ചെയ്തു.പുസ്തകത്തിന്റെ ആദ്യപതിപ്പ് മലപ്പുറം സ്വദേശി വീട്ടമ്മയായ നസീഫ മരുതേങ്ങലിന്  കൈമാറി.  ജില്ലാ ആസൂത്രണ സമിതി ഹാളില്‍ സംഘടിപ്പിച്ച ലൈഫ് മിഷന്‍ ജില്ലാ സംഗമം സ്വാഗത സംഘ രൂപീകരണ ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ധനസഹായ പദ്ധതികളുടെ വിശദാംശങ്ങളാണ് പുസ്തകത്തിലുള്ളത്.  വിവിധ വകുപ്പുകള്‍ നല്‍കുന്ന സഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കേണ്ട രീതി പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖക്കുറിപ്പോടെയുള്ള പുസ്തകത്തില്‍ 343 പേജുകളുണ്ട്. കോഴിക്കോട് സ്വദേശിയായ ഭിന്നശേഷി വിദ്യാര്‍ഥിനി നൂര്‍ ജലീല വരച്ച ചിത്രങ്ങളാണ് പുസ്തകത്തിന്റെ കവര്‍പേജ്. ഏതൊരു സാധാരണക്കാരനും സര്‍ക്കാര്‍ ധനസഹായങ്ങളെക്കുറിച്ച് വ്യക്തമായി അറിയാന്‍ 'സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍'  എന്ന കൈപുസ്തകം സഹായിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും പുസ്തകം ലഭിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍,. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍, എ.ഡി.എം എന്‍.എം മെഹ്‌റലി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ നാസര്‍, പി.എം.എ.വൈ പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ സി.രാജേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

date