Skip to main content

പട്ടികജാതി-വര്‍ഗ വീടുകളിലെ വൈദ്യുതി വിച്ഛേദിക്കരുത്- ജില്ലാ വികസന സമിതി

പട്ടികജാതി-വര്‍ഗ വീടുകളിലെ വൈദ്യുതി വിച്ഛേദിക്കരുത്- ജില്ലാ വികസന സമിതി

 

 

 

ജില്ലയിലെ പട്ടികജാതി-വര്‍ഗ കോളനികളിലെ വീടുകളില്‍ വൈദ്യുതി ബില്‍ കുടിശ്ശികയായതിന്റെ പേരില്‍ യാതൊരു കാരണവശാലും വൈദ്യുതി വിച്ഛേദിക്കരുതെന്ന് കലക്ടര്‍ സാംബശിവറാവു അറിയിച്ചു .കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയില്‍ ഏറ്റവും പ്രധാനപ്പെട്ട നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പ്രവൃത്തി നടക്കുകയാണ്. ഡിസം 29 വരെ 100 തോടുകളില്‍ 62 എണ്ണം വീണ്ടെടുത്തിട്ടുണ്ട്. ആകെ 130 കിമി നീളത്തിലാണ് നീര്‍ച്ചാലുകള്‍ വീണ്ടെടുത്തത്. ജില്ലയില്‍ ലൈഫ്മിഷന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ 6372 വീടു പണി പൂര്‍ത്തിയായി രണ്ടാം ഘട്ടത്തില്‍ 3666 വീടുകളും പൂര്‍ത്തിയായിട്ടുണ്ട്. ലൈഫ് പി എം എ വൈ ഗ്രാമീണില്‍ 1073 വീടും ലൈഫ് പി എം എ വൈ അര്‍ബനില്‍ 2208 വീടുകളും പൂര്‍ത്തിയായി. ആകെ 13319 വീടുകളാണ് പൂര്‍ത്തിയായത്. കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പ്രവൃത്തി പൂര്‍ത്തീകരണം സംബന്ധിച്ച കാര്യങ്ങള്‍, പൂനൂര്‍ പാല നവീകരണ പ്രവൃത്തി, ബാലുശേരി ബസ് സ്റ്റാന്റ് നവീകരണ പുരോഗതി, പുതിയ പാലം പുരോഗതി, കല്ലായ്പുഴ സര്‍വെ, മീഞ്ചന്ത ഗവ.ആര്‍ട്സ്  ആന്റ് സയന്‍സ് കോളജ് പിഡബ്ലുഡി ഇലക്ട്രിക്കല്‍ വര്‍ക്ക്, ജില്ലയിലെ വനമേഖലകളില്‍ ജണ്ട കെട്ടുന്നത് സംബന്ധിച്ച കാര്യങ്ങള്‍, പ്രളയത്തില്‍ തകര്‍ന്ന ചെമ്പുകടവ്, പോത്തുണ്ടി പാലം, ചിപ്പിലിത്തോട് അതിന്റെ നിര്‍മാണപുരോഗതി തുടങ്ങി വിവിധ വിഷയങ്ങള്‍ എംഎല്‍എമാരായ പുരുഷന്‍ കടലുണ്ടി, പി ടി എ റഹിമും രാഹുല്‍ ഗാന്ധി എംപി യുടെയും ഡോ. എം.കെ മുനീര്‍ എംഎല്‍എയുടെയും പ്രതിനിധികള്‍  അവതരിപ്പിച്ചു. തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്ലി. ലൈഫ്, ഹരിത കേരള മിഷന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണം, ആര്‍ദ്രം മിഷന്റെയും പ്രവര്‍ത്തന പുരോഗതി കലക്ടര്‍ അവലോകനം ചെയ്ത് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും നിര്‍ദേശം നല്‍കി. യോഗത്തില്‍ അസി.കലക്ടര്‍ ഡി.ആര്‍  മേഘശ്രീ, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി ജനില്‍കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

വെല്‍കം 2020 കാമ്പയിന്‍ ജനുവരി ഒന്ന് മുതല്‍ 

 

 

പുതുവര്‍ഷം സന്തോഷവും സുരക്ഷിതവും ആരോഗ്യവുമുളള ഹരിത വര്‍ഷമാക്കി മാറ്റുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ് ഒരു മാസം നീണ്ടു നില്‍ക്കുന്ന വെല്‍കം 2020 കാമ്പയിന്‍ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിലെ 13900 എന്‍എസ്എസ് വളണ്ടിയര്‍മാരെ പങ്കെടുപ്പിച്ച് ജനുവരി ഒന്ന് മുതല്‍ 26 വരെ വിവിധ പരിപാടികളോടെയാണ് കാമ്പയിന്‍ ഒരുക്കുന്നത്. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് 2020 ജനുവരി ഒന്നിന് രാവിലെ 8.30 ന് കോഴിക്കോട് ബീച്ച് പരിസരത്തുനിന്നാരംഭിക്കുന്ന 2020 സൈക്കിള്‍ റാലിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നേതൃത്വം നല്‍കും. ജില്ലാ കലക്ടര്‍ സാംബശിവറാവു, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, സബ് കലക്ടര്‍ പ്രിയങ്ക ജി, ഹയര്‍ സെക്കണ്ടറി ആര്‍.ഡി.ഡി കെ ഗോകുല കൃഷ്ണന്‍, ഹരിത കേരളം ജില്ല കോഡിനേറ്റര്‍ പി പ്രകാശ്, ആര്‍.ടി.ഒ എം.പി സുഭാഷ് ബാബു, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍ മറ്റു ഉദ്യോഗസ്ഥ പ്രമുഖര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കാളികളാകും. ഹയര്‍ സെക്കണ്ടറി എന്‍ എസ്.എസ് കോഴിക്കോട് സിറ്റി ക്ലസ്റ്ററിലെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ നടത്തുന്ന സ്നേഹരാഗ സമന്വയം രാവിലെ 10 മണിക്ക് പരപ്പില്‍ എം.എം.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അരങ്ങേറും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സന്നദ്ധരായ സാമൂഹിക പ്രതിബദ്ധതയും സേവന തല്‍പരതയും ആരോഗ്യവുമുളള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനായി കോഴിക്കോട്  ജില്ലാ ഹയര്‍സെക്കണ്ടറി എന്‍ എസ്എസ്, ഗ്രീന്‍കെയര്‍ മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചാലഞ്ച് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയ സംവിധാനമാണ് കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്. 2020 സൈക്കിള്‍ റൈഡ്, സ്നേഹരാഗ സമന്വയം, ക്വിറ്റ് പ്ലാസ്റ്റിക് ബാഗ് കാമ്പയിന്‍, ഹെല്‍ത്ത് ചാലഞ്ച്, സെയ്ഫ് കെയര്‍ പരിശീലനങ്ങള്‍, കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ് സമ്മിറ്റ് തുടങ്ങിയ വേറിട്ട പരിപാടികളോടെ ജില്ലയിലെ 139 ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. 

 

 

ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവ്;
ജനുവരി ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം 

 

 

സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവ് എന്ന പരിപാടിയിലൂടെ കേരള മുഖ്യമന്ത്രി യൂണിയന്‍ പ്രതിനിധികളുമായി ആശയ വിനിമയം നടത്തുന്നതിന്റെ രണ്ടാംഘട്ടം ജനുവരി ആറിന് ഫാറൂക്ക് കോളേജില്‍ നടത്തും. രണ്ടാംഘട്ടത്തില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ കണ്ണൂര്‍, കോഴിക്കോട്, കാര്‍ഷിക, വെറ്റിനറി, മലയാളം, സംസ്‌കൃതം, കേരള കലാമണ്ഡലം സര്‍വ്വകലാശാലകളിലെ യൂണിയന്‍ പ്രതിനിധികളും അവയുടെ കീഴില്‍ വരുന്ന സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേയും യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി എന്നിവരുമാണ് പങ്കെടുക്കേണ്ടത്. അവസാന തീയതി ജനുവരി ഒന്ന് വരെ നീട്ടി. ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ http://www.collegiateedu.kerala.gov.i.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത്, പ്രിന്‍സിപ്പാലിന്റെ സാക്ഷ്യപത്രം സഹിതം leadersconclav--eclt@gmail.com എന്ന ഇമെയിലില്‍ അപേക്ഷിക്കാം. പരപാടിയില്‍ എത്തുന്ന പ്രതിനിധികള്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും കോളേജ് ഐ.ഡി കാര്‍ഡും സഹിതം എത്തണം

 

 

ആര്‍ദ്രം ജനകീയ കാമ്പയിന്‍
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം.

മധുരംമിതം, പച്ചക്കറി പച്ചയായ്

 

 

സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആര്‍ദ്രം  ജനകീയ ക്യാമ്പയിന്റെ  ഭാഗമായി നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശവുമായി ആരോഗ്യപരമായ ഭക്ഷണരീതിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ 'മധുരം മിതം, പച്ചക്കറി പച്ചയായ്' എന്ന മുദ്രാവാക്യവുമായി ജില്ലാതല പരിപാടി സംഘടിപ്പിക്കും. പുതുവര്‍ഷത്തില്‍ പുതിയമാറ്റങ്ങള്‍ വരുത്തി ആഹാരരീതി ക്രമീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം, ജീവിതശൈലീരോഗങ്ങളെക്കുറിച്ച് അവബോധത്തിനായി എക്സിബിഷന്‍, നല്ല ആരോഗ്യത്തിനായി ആരോഗ്യതളിക, പച്ചക്കറി, പഴങ്ങള്‍,  നാര് വര്‍ഗ്ഗങ്ങള്‍ അടങ്ങിയ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ പ്രാധാന്യം വിവരിച്ചുകൊണ്ടുളള ഭക്ഷ്യ പ്രദര്‍ശനം എന്നിവയും  ഉണ്ടാകും. പച്ചക്കറി പച്ചയായി കഴിക്കുന്നതുകൊണ്ടുളള പോഷണഗുണങ്ങള്‍, ഭക്ഷണത്തില്‍ പച്ചക്കറിയുടെയും പഴവര്‍ഗ്ഗങ്ങളുടെയും പ്രാധാന്യം തുടങ്ങിയവ ജീവനക്കാര്‍ക്ക് പരിചയപ്പെടുന്ന തരത്തില്‍ ഭക്ഷ്യമേളയും ഒരുക്കും. നമ്മുടെ ആഹാരത്തില്‍ പഞ്ചസാര, ശര്‍ക്കര, ഉപ്പ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുളള ചാര്‍ട്ടുകള്‍ എക്സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊഴുപ്പിന്റെ അളവ് കുറക്കുക, കൊഴുപ്പ് കൂടിയ ചുവന്ന മാംസം (പോത്തിറച്ചി, ആട്ടിറച്ചി., പന്നിയിറച്ചി) പോലുളളത് കഴിവതും ഒഴിവാക്കുക എന്നിവയും ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നു. ക്യാമ്പയിന്റെ ഭാഗമായി ജനുവരി ആദ്യവാരം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും വാര്‍ഡ്തലങ്ങളില്‍  തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു.

 

 

ബിഎല്‍ഒമാരുടെ യോഗം ചേര്‍ന്നു;
ദേശീയ സമ്മതിദാന ദിനാചരണം എല്ലാ ബൂത്തുകളിലും ആചരിക്കും

 

 

പ്രത്യേക സമ്മറി റിവിഷന്റെ ഭാഗമായി കോഴിക്കോട് താലൂക്കിന് കീഴിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്ത്് ലെവല്‍ ഓഫീസര്‍മാരുടെ യോഗം താലൂക്ക് കോണ്‍ഫറന്‍സ്ഹാളില്‍ നടത്തി. ജനുവരി 25ന് ദേശീയ സമ്മതിദാന ദിനാചരണം എല്ലാ ബൂത്തുകളിലും ആചരിക്കാന്‍ ബിഎല്‍ഒമാര്‍ക്ക് തഹസില്‍ദാര്‍ പി ശുഭന്‍ നിര്‍ദ്ദേശം നല്‍കി. സമ്മതിദാന നിര്‍വഹണത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ ഇത് പഴയ തലമുറക്കും പുതുതലമുറക്കും സഹായകമാകും. വോട്ടര്‍പട്ടികയില്‍ പരമാവധി പേരെ ഉള്‍പ്പെടുത്തി പട്ടിക കുറ്റമറ്റതാക്കാനുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്നും തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചുഎലത്തൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത് എന്നീ നിയോജക മണ്ഡലങ്ങളിലെ ബിഎല്‍ഒമാരാണ് തിങ്കളാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തത്. താലൂക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ജി രാജേഷ്, സെക്ഷന്‍ ക്ലര്‍ക്ക് എന്‍ സതീഷ്‌കുമാര്‍ എന്നിവരും സംസാരിച്ചു. ഇന്ന് (ഡിസംബര്‍ 31) രാവിലെ 10ന് കുന്നമംഗലം, 11.30ന് ബേപ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ ബിഎല്‍ഒമാരുടെ യോഗം താലൂക്ക് കോണ്‍ഫറന്‍സ്ഹാളില്‍ നടക്കും.

 

 

ജില്ലാ ടൂറിസം പ്രാമോഷന്‍ കൗണ്‍സില്‍ : പുതുവത്സരാഘോഷം ഇന്ന് ബീച്ചില്‍ 

 

പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.  
നിര്‍മല്‍ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന കോമഡി സ്‌കീറ്റ്, രൂപേഷ് ആന്‍ഡ് ആതിര രഗീലേഷ്, ബിവിപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, ഭട്ട് റോഡ് ബീച്ചില്‍ കലാഭവന്‍ മുനവര്‍, കലാഭവന്‍ സുന്ദര്‍, ശ്രീകല വിനോദ് എന്നിവര്‍ നയിക്കുന്ന ഗാനമേള. സരോവരം ബയോപാര്‍ക്കില്‍ മെഹ്ഫില്‍ സന്ധ്യ.

 

 

ടെണ്ടര്‍ ക്ഷണിച്ചു

 

 

പന്തലായനി ഐ.സി.ഡി.എസ് പ്രോജക്ട#ിലെ  116 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ താല്‍പര്യമുളള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്ന്  ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 16 ന് ഉച്ച രണ്ട് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-2621612, 8281999298.

date