Skip to main content

ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് ലൈസന്‍സ് പോയത് 424 പേര്‍ക്ക് 

 

 

 

 

 

 

മോട്ടോര്‍  വാഹന വകുപ്പ്  കോഴിക്കോട,് കൊടുവളളി, നന്‍മണ്ട റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളുടെ പരിധിയില്‍ കഴിഞ്ഞ വര്‍ഷം (2019) നടത്തിയ വാഹന പരിശോധനയില്‍ ഗതാഗത നിയമ ലംഘനത്തിന് വിവിധ വകുപ്പുകളിലായി 19798 കേസുകളില്‍ നടപടിയെടുത്തു. ആകെ 1,89,09,830 രൂപ പിഴയായി ഈടാക്കി.

മദ്യപിച്ച് വാഹന ഓടിച്ചതിന് മാത്രം 424 ലൈസന്‍സുകള്‍ റദ്ദ് ചെയ്തു. കൂടാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് 211 പേരുടേയും അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് 887 പേരുടേയും ലൈസന്‍സുകള്‍ റദ്ദാക്കി. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ച 3259 പേര്‍ക്കെതിരെ നടപടിയെടുത്തു. ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയില്‍ ഫാന്‍സി ലൈറ്റുകള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തിയ 182 വാഹനങ്ങള്‍ക്കെതിരെയും ബ്രേക്ക് ലൈറ്റ്, ഹെഡ് ലൈറ്റ്, വൈപ്പര്‍ തുടങ്ങിയവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. മനുഷ്യ ജീവന് അപകടം വരുത്തുന്ന രീതിയില്‍ വാഹനം ഓടിച്ച 230 പേരില്‍ നിന്നും അമിതഭാരം കയറ്റിപ്പോയ 270 ചരക്കുവാഹനങ്ങളില്‍  നിന്നും പിഴ ഈടാക്കി. ടൂറിസ്റ്റ് ബസ്സുകളില്‍ അമിത ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം അഴിപ്പിക്കുകയും ബസ്സുകളിലേയും കോണ്‍ട്രാക്ട് കാര്യേജുകളിലേയും ബോഡിയില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുളള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് സര്‍വ്വീസ് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. 

 

ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിനായി ഫീസടച്ച് അനുവാദം വാങ്ങാതെ സര്‍വ്വീസ് നടത്തിയ 13 വാഹനങ്ങള്‍ പിടികൂടി. എയര്‍ഫോണ്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തിയ 93 വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് സര്‍വ്വീസ് നടത്തിയ ടിപ്പര്‍ ലോറികള്‍, ബസ്സുകള്‍ തുടങ്ങിയ 120 ഓളം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എം.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ നന്‍മണ്ട ജോയിന്റ് ആര്‍ടിഒ കെപി ദിലീപ്, മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ കെ ദിലീപ് കുമാര്‍, രാജന്‍ പി,പി, ജെയിംസ് കെ.ജെ, ബിജോയ് ഇ.എസ്, ഫ്രാന്‍സീസ്, എം.ജി ഗിരിഷ്, ടി ഫൈസല്‍, എന്നിവരും 15 ഓളം അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.  പുതുവര്‍ഷത്തില്‍ ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആര്‍.ടി.ഒ എം.പി സുഭാഷ് ബാബു അറിയിച്ചു.

 

 

 

 

ഹരിതകേരളം മിഷന്റെ ബദല്‍ ഉത്പന്ന പ്രദര്‍ശന വില്പന മേള: സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

 

 

 

ഹരിതകേരളം മിഷന്‍ ജനുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ബദല്‍ ഉത്പന്ന പ്രദര്‍ശന വില്‍പന മേളയില്‍ സ്റ്റാളുകള്‍ അനുവദിക്കും. പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ബദല്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് പ്രദര്‍ശന വില്‍പനമേള. ഹരിതകേരളം മിഷന്‍ സഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തോടനുബന്ധിച്ചാണ് പരിപാടി. പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഹരിതകേരളം മിഷനില്‍ ബന്ധപ്പെടണം. സ്റ്റാളുകളുടെ എണ്ണം പരിമിതമായതിനാല്‍ ആദ്യമെത്തുന്നവര്‍ക്ക് അവസരം ലഭിക്കും. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ക്ക് ബദലായുള്ളവയ്ക്ക് പ്രാധാന്യം നല്‍കുന്ന വസ്തുക്കള്‍, വ്യത്യസ്തങ്ങളായ ഉറവിട മാലിന്യ സംസ്‌കരണോപാധികള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ പരിഗണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387801694.

 

 

 

 

പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷന്‍ യൂണിറ്റുകള്‍ 19 ഇനം പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കും 

 

 

 

 

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തര വാദിത്ത ടൂറിസം മിഷനും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും ചേര്‍ന്ന് ആരംഭിച്ച ക്ലീന്‍ കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷന്‍ യൂണിറ്റുകള്‍ പ്ലാസ്റ്റിക് വിമുക്തമായി. പ്ലാസ്റ്റിക് കാരിബാഗുകള്‍, പ്ലാസ്റ്റിക് ട്രേ, ഡിസ്‌പോസബിള്‍ ഗ്ലാസ്, പ്ലാസ്റ്റിക് ബോട്ടിലുകള്‍, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, ക്ലിംഗ് ഫിലിം, തെര്‍മോകോള്‍, പ്ലാസ്റ്റിക് ബൗള്‍സ്, പ്ലാസ്റ്റിക് ഫ്‌ളാഗ്‌സ്, ഫുഡ് പാര്‍സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്‌സ്, പി വി സി ഫ്‌ളക്‌സ് മെറ്റീരിയല്‍സ്, പാര്‍സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടയിനറുകള്‍ എന്നിങ്ങനെ 19 ഇനം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ധാരണാപത്രമാണ് പ്രസ്തുത സംരഭങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷന് കൈമാറിയത്.

 

 കോട്ടയം ജില്ലയില്‍ 40, എറണാകുളം 15, കാസര്‍കോട് 20, ഇടുക്കി 32, വയനാട് 38, കോഴിക്കോട് 32, ആലപ്പുഴ 15, തൃശൂര്‍ 5, കൊല്ലം 10, തിരുവനന്തപുരം 12, മലപ്പുറം 6 എന്നിങ്ങനെയണ് ഇതുവരെ ധാരണാപത്രം ഒപ്പിട്ട 225 സ്ഥാപനങ്ങള്‍. ഇതില്‍ 30 റിസോര്‍ട്ടുകള്‍, 35 ഹോം സ്റ്റേകള്‍, 30 ഹൗസ് ബോട്ടുകള്‍, 130 ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 2019 ജൂലൈ 25, 26 തീയതികളില്‍ തിരുവനന്തപുരത്ത് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തിയ രണ്ട് ദിവസത്തെ ടൂറിസം സംരഭകരുടെ ശില്‍പ്പശാലയില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. ബദല്‍ ഉത്പ്പന്നങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി 70,000 ക്ലോത്ത് ബാഗുകള്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിവിധ ടൂറിസം സംരംഭങ്ങള്‍ക്ക് വഴി നല്‍കി വരികയാണ്.

date