Skip to main content

ഇന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം നിയമ ലംഘകര്‍ക്കെതിരെ നടപടി

   ഒറ്റ തവണ ഉപയോഗമുളള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ നിരോധനം. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ  നിര്‍മ്മാണവും വില്‍പ്പനയും സൂക്ഷിക്കലും ശിക്ഷാര്‍ഹമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും നടപടി സ്വീകരിക്കാം. നിയമം ലംഘിക്കുന്നവര്‍ക്ക് 10000 രൂപ പിഴ ചുമത്തും. രണ്ടാമതും നിയമ ലംഘനമുണ്ടായാല്‍ 25,000 രൂപ പിഴയീടാക്കും. തുടര്‍ന്നും ലംഘനമുണ്ടായാല്‍ 50000 രൂപ പിഴയീടാക്കി സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കും. ശുചിത്വമിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണവും നടത്തും. തുണി,പേപ്പര്‍ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് സഞ്ചികള്‍,ബാഗുകള്‍ എന്നിവ നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ കുടുംബശ്രീയെ സജ്ജമാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

   പ്ലാസ്റ്റിക് സഞ്ചികള്‍, ഷീറ്റ്, പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ, സ്റ്റെറര്‍, തെര്‍മോക്കോള്‍, ബാഗ്, ബൗള്‍, പ്ലാസ്റ്റിക് പതാക, അലങ്കാരങ്ങള്‍,500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍,മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍,ഫ്‌ളക്‌സ്, ബാനര്‍,ബ്രാന്റ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ് തുടങ്ങിയ പതിനൊന്ന് ഇനങ്ങളാണ് നിരോധന പട്ടികയിലുളളത്. ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനമില്ല. പുറന്തളളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക,ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ഓഫീസുകളിലും സ്‌കൂളുകളിലും പ്രതിജ്ഞയെടുക്കും
   ഒറ്റ തവണ ഉപയോഗമുളള പ്ലാസ്റ്റിക് വസ്തുകള്‍ നിരോധിച്ചതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഓഫീസുകളിലും സ്‌കൂളുകളിലും പ്ലാസ്റ്റിക് ഉപഭോഗവുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുക്കും. പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന സന്ദേശമാണ് പ്രതിജ്ഞയില്‍ അടങ്ങിയിരിക്കുന്നത്. ഓഫീസ് മേധാവി പ്രതിജ്ഞ  ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുക്കും.
 

date