Skip to main content

മാലിന്യ സംസ്‌കരണം മാതൃകയായി വൈത്തിരി ഗ്രാമ പഞ്ചായത്ത്

പുതുവര്‍ഷത്തില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിച്ച് ജില്ലയ്ക്ക് മാതൃയാവാന്‍ ഒരുങ്ങുകയാണ് വൈത്തിരി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ അജൈവ പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നതിന് ഹരിത കര്‍മ്മസേനയെ ചുമതലപ്പെടുത്തിയതിലൂടെ വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ പാഴ്‌വസ്തുക്കള്‍ യൂസര്‍ ഫീസ് ഈടാക്കി ഹരിത കര്‍മ്മ സേന ശേഖരിക്കുന്നതാണ്.
ജൈവ പാഴ്‌വസ്തുക്കള്‍  ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന്  കമ്പോസ്റ്റ് യൂണിറ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിക്കുകയോ സംസ്‌കരിക്കാന്‍ സ്ഥല സൗകര്യമില്ലാത്തവര്‍ക്ക് ചുണ്ടേല്‍ തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് യൂണിറ്റില്‍ യൂസര്‍ഫീ നല്‍കി സംസ്‌കരിക്കുകയോ ചെയ്യാം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഒരുതരം പാഴ് വസ്തുക്കളും കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുകയോ ജലാശങ്ങളെയോ ജലസ്രോതസ്സുകളെയോ ജല വിതരണ സംവിധാനങ്ങളെയോ മലിനപ്പെടുത്തുന്ന വിധത്തില്‍ മാലിന്യം നിക്ഷേപിക്കുകയോ ഒഴുക്കിവിടുകയോ ചെയ്യരുതെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് നിയമ ലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാം. തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികം നല്‍കും.
നിരോധനം ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക് ക്യാരിബാഗ് , പ്ലാസ്റ്റിക് ടേബിള്‍ ഷീറ്റ്‌സ്, തെര്‍മോക്കോള്‍, സ്റ്റൈറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍, പ്ലേറ്റുകള്‍, കപ്പുകള്‍. ഒറ്റത്തവണ ഉപഭോഗകമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍,  ഫോര്‍ക്കുകള്‍, ഡിഷുകള്‍, ടംബ്ലറുകള്‍,സ്‌ട്രോകള്‍, സ്റ്റിറര്‍, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍,  ബൗള്‍, ക്യാരിബാഗുകള്‍, നോണ്‍ വൂവണ്‍  ബാഗുകള്‍, പ്ലാസ്റ്റിക് ഫ്‌ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, ബ്രാന്‍ഡഡല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍, ഗാര്‍ബേജ് ബാഗ് (പ്ലാസ്റ്റിക്), പി.വി.സി ഫ്‌ളക്‌സ് മെറ്റീരിയല്‍സ്, പ്ലാസ്റ്റിക് പാക്കറ്റ്‌സ് തുടങ്ങിയവയുടെ ഉപയോഗം ജനവരി ഒന്നു മുതല്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

date