Skip to main content

ഏബിള്‍ 2-വിജയോത്സവം--- സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് തുടക്കമായി

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച സമഗ്ര വിദ്യാഭ്യാസ പരിപാടി ഏബിള്‍2- വിജയോത്സവം മണര്‍കാട് ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. 1.10 കോടി രൂപ ചെലിവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 

മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി എം. ഫിലിപ്പോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാന മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. രതീഷ് കാളിയാടന്‍ വിഷയം അവതരിപ്പിച്ചു. 

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ബേബി, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ. അജിതകുമാരി, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- കോര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍ മാണി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാ ഗോവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. 

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെ പഠിക്കുന്ന കുട്ടികള്‍ക്ക്  പ്രയോജനം ലഭിക്കുന്ന വിധമാണ് സമഗ്ര വിദ്യാഭ്യാസ പരിപാടി നടപ്പാക്കുന്നത്. പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, എസ്.എസ്.എല്‍.സി വിജയശതമാനം വര്‍ധിപ്പിക്കല്‍, എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇംഗ്ലീഷ് പരിശീലനം, തൊഴില്‍ പരിശീലനം, അഭിരുചി നിര്‍ണയം, യു.പി, പ്രൈമറി തലങ്ങളില്‍ അക്കാദമിക് നിലവാരം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.

പദ്ധതിയിലേക്ക് 56 പ്രൈമറി സ്‌കൂളുകളും, 40 ഹൈസ്‌കൂളുകളും തെരഞ്ഞെടുത്തിട്ടുണ്ട്. ജില്ലയെ നാലു മേഖലകളായി തിരിച്ചാണ് പ്രാഥമിക പരിശീലനം. ഹെഡ്മാസ്റ്റര്‍മാര്‍, പി.ടി.എ പ്രസിഡന്റുമാര്‍, മദര്‍ പി.ടി.എ പ്രതിനിധികള്‍, വാര്‍ഡ് മെംബര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

date