Skip to main content

ഊരുതല പദ്ധതി രൂപീകരണ യോഗം ചേർന്നു

കുടുംബശ്രീയുടെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികവർഗ്ഗ മേഖലയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ഊരുതല പദ്ധതി രൂപീകരണ ക്യാമ്പയിന്റെ ജില്ലാതല യോഗം ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്നു. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട അതിരപ്പിള്ളി, മറ്റത്തൂർ, പുത്തൂർ, വരന്തരപ്പിള്ളി എന്നീ നാല് പഞ്ചായത്തുകളിലെ 29 ഊരുകളിലായി ക്യാമ്പയിൻ നടപ്പിലാക്കാൻ തീരുമാനമായി. തുടർന്ന് അടുത്ത ഘട്ടത്തിലായി മറ്റ് ഏഴ് പഞ്ചായത്തുകളിലായി 27 ഊരുകളിലുമാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിനിൽ കോളനിവാസികളുടെ സാക്ഷരത, കാട്ടുമരുന്നുകളുടെയും കൃഷി ഉൽപ്പന്നങ്ങളുടെയും വിപണനം, ഊരുതല കുടിൽ വ്യവസായ വികസനം, ഊര്‌വാസികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ആവശ്യകതകൾ മനസ്സിലാക്കി നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. കൂടാതെ ആനക്കയം കോളനി നിവാസികളെ മാറ്റിപ്പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാർപ്പിട നിർമ്മാണത്തിനുള്ള നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി ആർ മായ, ജില്ലാ കുടുംബശ്രീ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാർ, അസി. കോർഡിനേറ്റർ കെ രാധാകൃഷ്ണൻ, ചാലക്കുടി ട്രൈബൽ ഡിവിഷണൽ ഓഫീസർ എൻ രതി, പാലപ്പിള്ളി റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിജു ജോർജ്ജ്, സെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം വി ശ്രീകാന്ത്, എന്നിവർ പങ്കെടുത്തു.

date