Skip to main content

വീടിനൊപ്പം  അന്തസ്സാര്‍ന്ന ജീവിതവും'' ലൈഫ് ഭവന പദ്ധതി:  വഴിക്കടവ് ഗ്രാമപഞ്ചായത്തിന്റേത് അഭിമാനാര്‍ഹമായ നേട്ടം  -സ്പീക്കര്‍

ലൈഫ് ഭവന പദ്ധതിയിലൂടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ വഴിക്കടവ് ഗ്രാമപഞ്ചായത്തിന് കഴിഞ്ഞത് അഭിമാനാര്‍ഹമായ നേട്ടമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രകൃതിദുരന്തങ്ങള്‍ ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കണമെന്നും ഇനിയും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ വഴിക്കടവിന് സാധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ലൈഫ് ഭവന പദ്ധതി പ്രകാരം വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍  പൂര്‍ത്തീകരിച്ച 362 വീടുകളുടെ താക്കോല്‍ ദാനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ച വഴിക്കടവ് പഞ്ചായത്ത് മൊടപ്പൊയ്ക 19-ാംവാര്‍ഡ് സ്വദേശി കവിത ലക്ഷ്മണന് താക്കോല്‍ നല്‍കി സ്പീക്കര്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു.
മികച്ച പ്രവര്‍ത്തനത്തിനും സേവന മികവിനും പഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ അംഗീകാരത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ച പി.വി അന്‍വര്‍ എം. എല്‍.എ ഐ.എസ്.ഒ സര്‍ടിഫിക്കറ്റ്  പഞ്ചായത്ത്  പ്രസിഡന്റ് ഇ.എ സുകുവിന് കൈമാറി. 10 കോടി 68 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് 362 വീടുകള്‍ പൂര്‍ത്തീകരിച്ചത്.
വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് സാവിത്രി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു പാലാട്,  പി.ടി ഉഷ, സി.എച്ച് സലാഹുദ്ദീന്‍, വിവിധ ജനപ്രതിനിധികള്‍, ഡി.ആര്‍.ഡി.എ പ്രോജക്ട് ഓഫീസര്‍ പ്രീതി മേനോന്‍, ലൈഫ്മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.രാജേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.രാജീവ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

date