Skip to main content

പ്ലാസ്റ്റിക് നിരോധനം : ജില്ലയിൽ കർശന നിയന്ത്രണവും നിരീക്ഷണവും ആരംഭിച്ചു

പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ കടകൾ, വീടുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്തി. കോർപ്പറേഷൻ, നഗരസഭകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവ കേന്ദ്രീകരിച്ചാണ് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് ക്യാരിബാഗുകൾ, മറ്റ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവ ഏതെങ്കിലും വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടോയെന്ന് പരിശോധിക്കാൻ ഒട്ടുമിക്കയിടത്തും ബുധനാഴ്ച സ്‌ക്വാഡുകൾ ഇറങ്ങി. കുന്നംകുളം, ഇരിങ്ങാലക്കുട നഗരസഭകളിൽ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മുൻപേ തന്നെ ലഘുലേഖകൾ വിതരണം ചെയ്ത് ബോധവത്ക്കരണം നടത്തിയിരുന്നു. കോർപ്പറേഷനിലും ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കി ഉത്തരവിട്ടു. ജനുവരി ഒന്നുമുതൽ ജില്ലയിലെ മിക്ക സ്ഥലങ്ങളിലും പ്ലാസ്റ്റിക് ക്യാരിബാഗുകൾക്കു പകരം തുണിസഞ്ചികളും വിതരണം ചെയ്തു.
സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് നിരോധിക്കണമെന്ന ഉത്തരവ് പ്രകാരം ജില്ലയിലെ പ്രധാന ഓഫീസുകളിലെല്ലാം ഇന്നലെ മുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നു. പ്ലാസ്റ്റിക് ക്യാരിബാഗുകൾ (കനം നോക്കാതെ), മേശ വിരിപ്പായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, തെർമോക്കോൾ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകളും കപ്പുകളും, തെർമോക്കോൾ, സ്‌റ്റൈറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, സ്‌ട്രോ, ഡിഷുകൾ തുടങ്ങിയവ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ, പേപ്പർ ബൗൾ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ ബാഗുകൾ, പ്ലാസ്റ്റിക് കൊടികൾ, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, 500 മില്ലി ലിറ്ററിനു താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകൾ, പി വി സി ഫ്‌ളെക്‌സ് ഉല്പന്നങ്ങൾ എന്നിവയാണ് നിരോധിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങൾ.
തുണി പേപ്പർ ബാഗുകൾ, പേപ്പർ വിരി, ഗ്ലാസ്, സെറാമിക്, സ്റ്റീൽ കപ്പുകൾ, പാത്രങ്ങൾ, പേപ്പർ, ജൈവരീതിയിലുള്ള അലങ്കാരങ്ങൾ, തടിക്കപ്പുകൾ, സ്‌ട്രോ, സ്പൂൺ, തുണി, പേപ്പർ കൊടിതോരണങ്ങൾ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റോടു കൂടിയ പി എൽ എ കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ, ആശുപത്രികളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചവർ ബാഗുകൾക്കു പകരം കംപോസ്റ്റബിൾ ബാഗുകൾ എന്നിവയാണ് പകരം നിർദേശിക്കുന്ന ഉല്പന്നങ്ങൾ.

date