Skip to main content

തീരദേശവാസികൾക്ക് ആശ്വാസമായി പുനർഗേഹം: ആദ്യഘട്ടത്തിൽ കൈപ്പമംഗലവും സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് തൃശൂർ ജില്ലയിൽ

സംസ്ഥാനത്തെ 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്തുനിന്ന് മാറ്റിപ്പാർപ്പിക്കുന്ന 'പുനർഗേഹം' പദ്ധതിയുടെ ആദ്യഘട്ടത്തിൽ കയ്പമംഗലം മണ്ഡലവും ഇടംപിടിച്ചു. നിയോജക മണ്ഡലത്തിലെ നിലവിലെ ഗുണഭോക്തൃ പട്ടികയിലുള്ള 408 കുടുംബങ്ങൾക്കും ആദ്യഘട്ടത്തിൽ തന്നെ വീട് ലഭിക്കും. സംസ്ഥാനത്ത് ആദ്യമായി പദ്ധതി പ്രാവർത്തികമാക്കുന്ന ജില്ലയും തൃശൂരാണ്. തിരുവനന്തപുരം സെക്രട്ടറിയേറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പുനർഗേഹ പദ്ധതിയുടെ നിർവ്വഹണം സംബന്ധിച്ച യോഗത്തിലാണ് ഫിഷറീസ് വകുപ്പ്മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇക്കാര്യം അറിയിച്ചത്. തീരദേശ പ്രശ്നങ്ങൾ ഏറ്റവും രൂക്ഷമായ കയ്പമംഗലം മണ്ഡലത്തിൽ തന്നെ പുനർഗേഹ പദ്ധതി നടപ്പാക്കണം എന്ന ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.
വേലിയേറ്റ മേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2,450 കോടിയുടെ പദ്ധതി മൂന്നുഘട്ടമായി 2022 -ഓടെ പൂർത്തിയാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. 1,398 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1,052 കോടി ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നും കണ്ടെത്തും. 10 ലക്ഷം രൂപ വീതമാണ് ഓരോ കുടുംബങ്ങൾക്കും ഇതിനായി നൽകുന്നത്. ഇതിൽ സ്ഥലം വാങ്ങി ബാക്കി മുഴുവൻ പണവും വീടു നിർമിക്കുന്നതിനുപയോഗിക്കാമെന്ന പുതിയ നിയമം കൂടി ഉൾപ്പെടുത്തിയതോടെ 10 ലക്ഷം രൂപയും ഗുണഭോക്താവിന് ലഭിക്കും എന്നതാണ് മറ്റൊരു പ്രയോജനം. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 998.61 കോടിയും രണ്ടാം ഘട്ടത്തിൽ 796.54 കോടിയും മൂന്നാം ഘട്ടത്തിൽ 654.85 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. 12 വർഷത്തേക്ക് കൈമാറാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് സ്ഥലം കണ്ടെത്തി വീടുനിർമ്മിക്കാൻ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നൽകുക. 12 വർഷത്തിനുശേഷം കൈമാറിയാൽ അവരെ സർക്കാരിന്റെ മറ്റു ഭവനപദ്ധതികൾക്ക് പരിഗണിക്കില്ല. ഗുണഭോക്താക്കളായശേഷം മാറിത്താമസിക്കാൻ വിസമ്മതിച്ചാൽ പിന്നീട് കടൽക്ഷോഭംമൂലം വീടിനോ സ്ഥലത്തിനോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സർക്കാർ സഹായം നൽകില്ല. ഗുണഭോക്താക്കൾക്ക് വീട് കിട്ടിക്കഴിഞ്ഞാൽ നിലവിൽ താമസിക്കുന്ന വീട് സ്വന്തമായി പൊളിച്ചുമാറ്റി സ്ഥലം ഉപേക്ഷിക്കണം. അഞ്ചുസെന്റിന് മുകളിൽ ഭൂമിയുണ്ടെങ്കിൽ വ്യവസ്ഥകൾക്ക് വിധേയമായി അവിടെ കൃഷി അനുവദിക്കും. നിർമ്മാണങ്ങൾ അനുവദിക്കില്ല. മറ്റു സ്ഥലങ്ങളിൽ ഹരിതകവചം വളർത്തും.

date