Skip to main content

രാജ്യാന്തര നാടകോത്സവം: ഇറാനിയൻ നാടകം കൊറിയലനസിന് മികച്ച ബുക്കിംഗ്

പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവത്തിനുള്ള ടിക്കറ്റുകൾക്ക് ഓൺലൈനിൽ വൻ ഡിമാന്റ്. ഇറാനിയിൽ നാടകമായ കൊറിയലൻസിനാണ് ഏറ്റവും കൂടുതൽ പേർ ഓൺലൈനായി ബുക്കിങ് നടത്തിയിരിക്കുന്നത്. ഷേക്‌സ്പിയറിന്റെ അവസാന ദുരന്ത നാടകങ്ങളിലൊന്നായ കൊറിയലനസ് ഇറാനിലെ പ്രമുഖ തിയേറ്റർ ഗ്രൂപ്പായ മൊസ്തഗലാണ് രാജ്യാന്തര നാടകോത്സവത്തിൽ അവതരിപ്പിക്കുക. കലുഷിതമായ ഇറാനിൽ ഈ നാടകത്തിന്റെ പ്രമേയത്തിന് സമകാലിക പ്രസക്തി ഏറെയാണ്. റോമൻ സാമ്രാജ്യത്തിലെ യുദ്ധവീരനാണ് കൊറിയലനസ്. രാജ്യത്തിന്റെ നേതാവാകാൻ ആഗ്രഹിച്ച കൊറിയലനസിനെ പക്ഷെ ജനങ്ങൾ നിരസിക്കുന്നു. അതിനെ അതിജീവിക്കാൻ അദ്ദേഹം ശത്രുക്കളുമായി കൂട്ടു ചേരുന്നു. അത് പക്ഷെ കൊറിയലനസിന്റെ മരണത്തിലാണ് കലാശിക്കുന്നത്. അധികാര രാഷ്ട്രീയത്തിൽ പുരോഗമനവാദികളും ബുദ്ധിജീവികളും സാധാരണക്കാരുമെല്ലാം ഏതുവിധത്തിൽ നിസ്സഹായരും ദുർബലരുമായി മാറുന്നുവെന്ന് ഈ നാടകം വിശദീകരിക്കുന്നു.
ഇറ്റ്ഫോക് ഔദ്യോഗിക വെബ് സൈറ്റായ http://thetarfestivalkerala.com ലൂടെ ഓൺലൈൻ ടിക്കറ്റുകൾ ലഭിക്കും. ഓരോ നാടകം ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പ് ബോക്സ് ഓഫീസിലൂടെയും ടിക്കറ്റുകൾ ലഭിക്കും. ഇമാജിനിങ് കമ്യൂണിറ്റി എന്നതാണ് ഇത്തവണത്തെ ഇറ്റ് ഫോക്കിന്റെ പ്രമേയം. 20 മുതൽ 29 വരെ പത്ത് ദിവസങ്ങളിലായി നടക്കുന്ന ഇറ്റ്ഫോക് 2020ൽ 19 നാടകങ്ങൾ അരങ്ങേറും. രാജ്യാന്തര വിഭാഗത്തിൽ ഓസ്ട്രേലിയ, യു.കെ, ഇറാൻ, ബ്രസീൽ, നോർവെ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നായി ഏഴു നാടകങ്ങളാണുള്ളത്. ദേശീയ വിഭാഗത്തിൽ ബംഗളൂരു, ഹൈദ്രരാബാദ്, ഭോപ്പാൽ, ഗോവാ ജയ്പ്പുർ, പുനെ എന്നിവിടങ്ങളിൽ നിന്നായി ആറു നാടകങ്ങളുണ്ട്. ആറു മലയാള നാടകങ്ങളും മേളയുടെ ഭാഗമാണ്. സംവിധായകനും പെർഫോമൻസ് മേക്കറും ഇന്റർമീഡിയ ആർട്ടിസ്റ്റുമായ അമിതേഷ് ഗ്രോവർ ആണ് ഇറ്റ്ഫോക് 2020 ഫെസ്റ്റിവൽ ഡയറക്ടർ. സെമിനാറുകൾ പെർഫോമൻസ് പോയട്രി, നാടകവുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രദർശനം എന്നിവയും ഉണ്ടാകും. നാടകോത്സവത്തിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ അഞ്ചാമത് അമ്മന്നൂർ പുരസ്‌കാരം എഴുത്തുകാരിയും വിവർത്തകയും നാടക നിരൂപകയും മാധ്യമ പ്രവർത്തകയുമായ ശാന്ത ഗോഖലയ്ക്കു സമ്മാനിക്കും. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

date