Skip to main content

മുറ്റത്തെ മുല്ലയിലൂടെ മങ്കര പഞ്ചായത്തില്‍ വിതരണം ചെയ്തത് 12.60 കോടി രൂപ

 

അമിതപ്പലിശ ഈടാക്കുന്നവരില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ മുറ്റത്തെ മുല്ല ലഘുഗ്രാമീണ വായ്പ പദ്ധതിവഴി മങ്കര ഗ്രാമപഞ്ചായത്തില്‍ വിതരണം ചെയ്തത് 12.60 കോടി രൂപ. സംസ്ഥാനത്തെ ആദ്യ വട്ടിപ്പലിശ രഹിത പഞ്ചായത്തായ മങ്കര ഗ്രാമപഞ്ചായത്തിലെ 89 അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് തുക വിതരണം ചെയ്തത്.

2018 ജൂണില്‍ ജില്ലയില്‍ പൈലറ്റ് പദ്ധതിയായി തുടങ്ങിയ മുറ്റത്തെ മുല്ല 2018 ഓഗസ്റ്റിലാണ് മങ്കര സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയത്. തുടര്‍ച്ചയായി അയല്‍ക്കൂട്ട യോഗങ്ങള്‍ വിളിക്കുകയും പദ്ധതിയുടെ പ്രയോജനത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായി ഒന്നാംഘട്ടത്തില്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളിലെ 58 കുടുംബശ്രീകള്‍ക്ക് ആറ് കോടി രൂപ വായ്പ നല്‍കാന്‍ കഴിഞ്ഞു. നല്‍കിയ വായ്പ കൃത്യമായി തിരിച്ചടച്ച് പദ്ധതി വിജയകരമാക്കിയതിന്റെ ഫലമായാണ് സംസ്ഥാനവ്യാപകമായി വായ്പ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി ഉയര്‍ത്തിയത്. തുടര്‍ന്ന് രണ്ടാംഘട്ടത്തില്‍ 31 കുടുംബശ്രീകള്‍ക്കായി 6.60 കോടി വിതരണം ചെയ്തു.

ബാങ്ക് 9 ശതമാനം പലിശക്കാണ് കുടുംബശ്രീകള്‍ക്ക് 20 ലക്ഷം രൂപ വരെ  വായ്പ നല്‍കുന്നത്. കുടുംബശ്രീകള്‍ ആവശ്യക്കാര്‍ക്ക് 50000 രൂപ വരെ 12 ശതമാനം പലിശക്ക് വായ്പ നല്‍കും. അധിക മൂന്നു ശതമാനം മാര്‍ജിന്‍ കുടുംബശ്രീക്ക് അവകാശപ്പെട്ടതാണ്. 10, 25, 52 ആഴ്ചകളിലായാണ്  തിരിച്ചടവ് കാലാവധി ക്രമീകരിച്ചിരിക്കുന്നത്. ക്യാഷ് ക്രെഡിറ്റ് വായ്പയായി നല്‍കുന്നത് മൂലം ഓരോ ആഴ്ച്ച തിരിച്ചടവ് വരുമ്പോഴും വായ്പയില്‍ ബാക്കി നില്‍ക്കുന്ന തുക റീ ഫിനാന്‍സ് ചെയ്യാന്‍ കഴിയുന്നതിലൂടെ മൊത്തം വിതരണം ചെയ്യുന്ന വായ്പ സംഖ്യയും അതുവഴി ഏജന്റിന് ലഭിക്കുന്ന കമ്മീഷനും കൂടുതലായിരിക്കും. മാത്രമല്ല കൂടുതല്‍ ആളുകള്‍ക്ക് വായ്പ നല്‍കാനുമാവും.
 
2500 ലധികം ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിച്ച പദ്ധതി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കുണ്ടാക്കിയ ആശ്വാസം ചെറുതല്ല. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന സംഘടിതവും അല്ലാത്തതുമായ സ്വകാര്യ പണമിടപാടു മാഫിയകളില്‍ നിന്നും സമൂഹത്തിലെ അടിത്തട്ടില്‍ കിടക്കുന്നവരെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്നതും ഇതിലൂടെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത നേടാനും സ്ത്രീ ശാക്തികരണത്തിന് വീര്യം പകരാനുമായി എന്നതും പദ്ധതിയുടെ പ്രസക്തിയും പ്രാധാന്യവും എടുത്തുകാട്ടുന്നു.

വായ്പാ വിതരണം സുഗമമാക്കാന്‍ മുല്ലമിത്ര മൊബൈല്‍ ആപ്പ്

പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഭാഗമായി വായ്പാ വിതരണവും കളക്ഷനും കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മൊബൈല്‍ ആപ്ലിക്കേഷന്‍ മുല്ലമിത്ര വായ്പ കളക്ഷന്‍ ഏജന്റിനു ലഭ്യമാക്കിയിട്ടുണ്ട്. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘത്തിന്റെ  ഐ ടി ഡിവിഷന്‍ നിര്‍മ്മിച്ച റിയോ മുല്ലമിത്ര വെബ് & ആന്‍ഡ്രോയ്ഡ് ആപ്പ് ഉപയോഗിച്ച് ഏജന്റുമാര്‍ക്ക് വായ്പാപേക്ഷ സ്വീകരിക്കലും തിരിച്ചടവും നടത്താനും ബാങ്കില്‍ ഇത് തത്സമയം നീരിക്ഷിക്കാനും കഴിയും. വായ്പാതവണ അടച്ച ഉടന്‍ ഇടപാടുകാരുടെ മൊബൈലില്‍ ഇടപാട് സംബന്ധിച്ച അറിയിപ്പ് ലഭിക്കും.  നാമമാത്രമായി ഉണ്ടായേക്കാവുന്ന കുടിശ്ശിക പോലും യഥാസമയം അറിയാനും യുക്തമായ നടപടി സ്വീകരിക്കാനും ഈ ആപ്ലിക്കേഷനിലൂടെ ബാങ്കിന് സാധിക്കും.
 

date