Skip to main content

പ്രതിഷേധങ്ങള്‍ അതിരുകടക്കരുത്; സമൂഹമാധ്യമങ്ങള്‍  നിരീക്ഷിക്കും- ജില്ലാകലക്ടര്‍

 

വര്‍ഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘര്‍ഷത്തിനും വഴിവെക്കുന്ന നീക്കങ്ങള്‍ തടയാന്‍  രാഷ്ട്രീയ കക്ഷികളുടേയും മതസംഘടനകളുടേയും പിന്തുണ യുണ്ടാകണമെന്ന്  ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ഥിച്ചു. ജനാധിപത്യ മാര്‍ഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ല. എന്നാല്‍ മറ്റു മതസ്ഥരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് താലൂക്ക് തലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടേയും മതസംഘടനാ നേതാക്കളുടേയും യോഗം വിളിക്കും. ബസ് ഓപ്പറേറ്റേഴ്സ് സംഘടനാഭാരവാഹികള്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെയും യോഗത്തില്‍ പങ്കെടുപ്പിക്കും.
സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കും. നാട്ടില്‍ സമാധാനവും സൈ്വര ജീവിതവും ഉറപ്പു വരുത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കുള്ള റോഡുകളില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന തരത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ ഒഴിവാക്കണം. പ്രതിഷേധങ്ങള്‍ പൊതുനിരത്തുകളില്‍ ഒഴിവാക്കുകയും അതിനായി കഴിവതും മൈതാനങ്ങള്‍ തെരഞ്ഞെടുക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. പ്രതിഷേധത്തിന് അനുമതി നില്‍കുമ്പോള്‍  നിലവിലുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date