Skip to main content

ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ജില്ലയില്‍  2110 കുടുംബങ്ങളെ  പുനരധിവസിപ്പിക്കും: ജില്ലാ കളക്ടര്‍ 

ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ജില്ലയില്‍ ഭൂമിയും വീടും ഇല്ലാത്ത 2110 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നു  ജില്ലാ കളക്ടര്‍ പി.ബി നൂഹ്. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍   ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ ജില്ലാതല സംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിലും റിപ്പോര്‍ട്ട് അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക രീതിയിലുള്ള ഭവന സമുച്ചയങ്ങള്‍ നിര്‍മിച്ചാണ് ഇവരെ പുനരധിവസിപ്പിക്കുക. സംസ്ഥാനത്ത് ആദ്യമായി നിര്‍മിക്കുന്ന 14 ഭവന സമുച്ചയങ്ങളില്‍ ഒന്ന് പന്തളം നഗരസഭയിലാണ്. ആറു കോടിരൂപയില്‍ അധികം ചെലവുവരുന്ന ഈ സമുച്ചയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.  ശിലാസ്ഥാപനം ഉടന്‍ നടത്തും. ഭൂമിയും വീടും ഇല്ലാത്തവരുടെ പുനരധിവാസമാണു മൂന്നാം ഘട്ടത്തില്‍ നടക്കുക. ഏഴംകുളം, കടമ്പനാട്, മെഴുവേലി എന്നിവിടങ്ങളില്‍ ഭവന സമുച്ചയം നിര്‍മിക്കുന്നതിനു സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ജില്ലയില്‍ ഇതുവരെ ലൈഫ്മിഷന്റെ ഭാഗമായി 4008 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ലൈഫ്മിഷന്‍ പദ്ധതി നിര്‍വഹണത്തിന്റെ ആദ്യ രണ്ടുഘട്ടങ്ങളില്‍ പൂര്‍ത്തിയാകുമ്പോള്‍  സംസ്ഥാനതലത്തില്‍ ജില്ല രണ്ടാം സ്ഥാനത്താണ്. ലൈഫ് മിഷന്റെ ഒന്നാംഘട്ടമായി ജില്ലയിലെ 1188 വീടുകള്‍ പൂര്‍ത്തീകരിക്കാനുള്ളതില്‍ 1169 വീടുകള്‍ പൂര്‍ത്തീകരിച്ചു (98.4ശതമാനം). ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയില്‍ 1905 വീടുകളുടെ നിര്‍മാണം ആരംഭിക്കുകയും 1551 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു(78 ശതമാനം). നഗരസഭകള്‍ മുഖേന നടപ്പാക്കുന്ന പി.എം.എ.വൈ-ലൈഫ് പദ്ധതിയിലൂടെ 670 വീടുകള്‍ പൂര്‍ത്തീകരിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലൂടെ നടപ്പാക്കുന്ന പി.എം.എ.വൈ - ലൈഫ് (ഗ്രാമീണ്‍) പദ്ധതിയിലൂടെ 619 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. പി.എം.എ.വൈ-ലൈഫ് പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച നഗരസഭകള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും കളക്ടര്‍ നിര്‍വഹിച്ചു.

 

date