Skip to main content

കോട്ടാങ്ങല്‍ പടയണി; കെ.എസ്.ആര്‍.ടി.സി മല്ലപ്പള്ളി ഡിപ്പോയില്‍  രണ്ടു സര്‍വീസുകള്‍ കൂടുതല്‍ അനുവദിക്കും 

കോട്ടാങ്ങല്‍ ശ്രീമഹാ ഭദ്രകാളി ക്ഷേത്രത്തിലെ പടയണിയുടെ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ യോഗം ചേര്‍ന്നു. പടയണിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നും കാര്യക്ഷമരായ ഏകോപനത്തിലൂടെ മാത്രമേ പടയണി ഉത്സവം കുറ്റമറ്റതാക്കാന്‍ കഴിയുകയുള്ളൂ എന്നും മല്ലപ്പള്ളി തഹസില്‍ദാര്‍ ടി. മധുസുദനന്‍ നായര്‍ പറഞ്ഞു.

ചാലാപ്പള്ളി-കോട്ടാങ്ങല്‍-കുളത്തൂര്‍ അമ്പലം റോഡിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ പൊടിശല്യം രൂക്ഷമാണെന്നും റോഡിന്റെ വശങ്ങള്‍ ഇപ്പോള്‍ നല്ല ഉയരത്തിലായതിനാല്‍ സൈഡ് ഫില്ലിങ് അടിയന്തരമായി നടത്തണമെന്നും ഈ മാസം 29, 30, 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ അഗ്നിശമന സേന വിഭാഗം, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയുടെ സേവനം ഉറപ്പു വരുത്തണമെന്നു ക്ഷേത്ര ഭരണ സമിതി യോഗത്തെ അറിയിച്ചു.   പൂത്തൂര്‍ പടി മുതല്‍ കോട്ടാങ്ങല്‍ ദേശസേവിനി ഗ്രന്ഥശാല വരെ റോഡിന്റെ ഇരുവശങ്ങളിലും 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ പാര്‍ക്കിംഗ് നിരോധിക്കുന്നതിനു പെരുമ്പെട്ടി പോലീസ് നടപടി സ്വീകരിക്കും.  25ന് മുന്‍പ് റോഡിന്റെ ടാറിങ് പൂര്‍ത്തികരിച്ച് പൊടിശല്യം ഒഴിവാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് യോഗത്തില്‍ ഉറപ്പ് നല്‍കി. കോട്ടാങ്ങല്‍ വെള്ളാവൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള തൂക്കുപാലത്തില്‍ കൂടുതല്‍ ആളുകള്‍ കയറി അപകടം ഉണ്ടാകുന്നതു തടയണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കെ.എസ്.ആര്‍.ടി.സി മല്ലപ്പള്ളി ഡിപ്പോയില്‍ നിന്നു ഭരണ സമിതിയുടെ ആവശ്യപ്രകാരം രണ്ടു സര്‍വീസുകള്‍ കൂടുതല്‍ അനുവദിക്കും. കെ.എസ്.ഇ.ബി വായ്പ്പുര്‍ സെക്ഷനില്‍ നിന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ക്കായി രണ്ടു പേരെ നിയോഗിക്കുന്നതിനും 29, 30, 31, ഒന്ന് തീയതികളില്‍ മെഡിക്കല്‍ ടീമിനെ നിയോഗിക്കുന്നതിന് ആരോഗ്യ വകുപ്പും, ലഹരി വിരുദ്ധ മേഖലയായി പ്രഖ്യാപിക്കുന്നതിന് എക്സൈസ് വകുപ്പും ,കോട്ടാങ്ങല്‍ പഞ്ചായത്തിന്റെ എല്ലാ വിധ സഹകരണവും ഉണ്ടാകുമെന്ന് പഞ്ചായത്ത് ഭരണ സമിതിയും, പൈപ്പ് ലൈനിന് ആവശ്യമായ നടപടികള്‍ സ്വികരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതരും യോഗത്തില്‍ അറിയിച്ചു. മഹാഘോഷയാത്ര നടക്കുന്ന 31, ഒന്ന് തീയതികളില്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്കു ശേഷം അവധി ആയിരിക്കും. സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനു കോട്ടാങ്ങല്‍ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണമെന്നു യോഗം നിര്‍ദേശം നല്‍കി.

     സീനിയര്‍ സൂപ്രണ്ട് എസ്.രജീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജന്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് സലിം, ബ്ലോക്ക് പഞ്ചായത്തംഗം കെ.സതീശ്, പഞ്ചായത്ത് അംഗങ്ങളായ ഇ.കെ അജി, ടി.എന്‍ വിജയന്‍, ജോസി ഇലഞ്ഞിപ്പുറം, എബിന്‍ ബാബു, വില്ലേജ് ഓഫീസര്‍ പി.ജി ബാലചന്ദ്രന്‍ ,ദേവസ്വം സെക്രട്ടറി ടി.സുനില്‍, പ്രസിഡന്റ് സുനില്‍ വെള്ളിക്കര, സുരേഷ് മംത്തില്‍, രാജീവ്, കെ. ആര്‍ കരുണാകരന്‍ നായര്‍, വിശ്വം പിള്ള, അനീഷ് ചുങ്കപ്പാറ എന്നിവര്‍ പങ്കെടുത്തു.

date