Skip to main content

എസ്എസ്്എല്‍സിയെ ഉല്‍സവമാക്കണം; പരീക്ഷാ പേടി മാറ്റാന്‍ കൗണ്‍സലര്‍മാര്‍ക്ക് പരിശീലനം നല്‍കി

എസ്എസ്എല്‍സി പരീക്ഷയെ ആഘോഷമാക്കി മാറ്റാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനുള്ള ജില്ലാപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. പരീക്ഷാപ്പേടി അകറ്റി കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് പ്രത്യേക കൗണ്‍സലിങ്ങ് ഉള്‍പ്പടെ വിപുലമായ ഇടപെടലുകള്‍ നടത്തണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയെ കുറിച്ച് കുട്ടികളില്‍ ഭീതി ജനിപ്പിക്കുകയല്ല, അതിനെ ഒരു ഉത്സവമാക്കി മാറ്റി മികച്ച വിജയം നേടിയെടുക്കാന്‍ അവര്‍ക്ക് പിന്തുണ നല്‍കുകയാണ് രക്ഷിതാക്കളും അദ്ധ്യാപകരും ചെയ്യേണ്ടത്. പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ വിദ്യാര്‍ഥികള്‍ക്ക് കരുത്ത് പകരാന്‍ കൗണ്‍സലിംഗ് സെഷനുകളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 30നകം തന്നെ കൗണ്‍സിലിങ് പൂര്‍ത്തീകരിക്കാനാണ് ഡിഇഒമാരും കൗണ്‍സിലര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പരീക്ഷയടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും. അതത് സ്‌കൂളുകളിലെ കുട്ടികളുടെ ഗ്രേഡ് വിലയിരുത്തി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കും. മറ്റ് കുട്ടികള്‍ക്ക് കൂടുതല്‍ മെച്ചപ്പെടാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും. കുട്ടികള്‍ക്ക് മികച്ച പഠനസാഹചര്യം ഒരുക്കുന്നതിനായി രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കും. ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കും കൗണ്‍സലിങ് ലഭ്യമാക്കും. നിലവില്‍ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ മാത്രമാണ് കൗണ്‍സലര്‍മാര്‍ ഉള്ളത്. അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് വേണ്ട സഹായങ്ങള്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലെ കൗണ്‍സലര്‍മാര്‍ മുഖേന ലഭ്യമാക്കും.
എസ്എസ്എല്‍സി- പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാപഞ്ചായത്ത് ആവിഷ്‌ക്കരിച്ച ബി പോസിറ്റീവ് പരിപാടിയുടെ ഭാഗമായാണ് കൗണ്‍സലിംഗ് സംഘടിപ്പിക്കുന്നത്.
ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്ഥിരംസമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ എന്‍ കൃഷ്ണദാസ്, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ ടി പി വേണുഗോപാലന്‍, ഡിഇഒമാരായ പി പി സനകന്‍, എം കെ ഉഷ, വി എ ശശീന്ദ്രവ്യാസ്, ഡിഡിഇ ഓഫീസ് സൂപ്രണ്ട് കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

date