Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് ജനുവരി 24 ന് രാവിലെ 10 മുതല്‍ ഒരു മണി വരെ അഭിമുഖം  നടത്തുന്നു.  ബ്രാഞ്ച് റിലേഷന്‍ഷിപ് എക്‌സിക്യുട്ടീവ്, ഫിസിയോ തെറാപ്പിസ്റ്റ്, ഫാക്കല്‍റ്റി (ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്), പി ജി അധ്യാപകര്‍ (ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി).  യോഗ്യത: എം എസ് സി/ബി എഡ്, ബി പി ടി/ എം പി ടി, പ്ലസ്ടു.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്.  നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം.  ഫോണ്‍: 0497 2707610.

റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പരിശീലനം
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി പയ്യനാടുള്ള കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ റബ്ബറില്‍ നിന്നുള്ള പശ നിര്‍മ്മാണത്തിനും,  റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിനുമായി മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി മൂന്നിന്  ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 585 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി ജനുവരി 31 നകം പേര് രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, പയ്യനാട് (പി ഒ), മഞ്ചേരി, മലപ്പുറം, 676122 എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ : 9846797000.
 

യോഗം 25 ന്
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് അഭ്യുദയകാംക്ഷികളുടെ യോഗം ജനുവരി 25 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.

ഭരണാനുമതിയായി
കെ സുധാകരന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15.71 ലക്ഷം രൂപ വിനിയോഗിച്ച് വിവിധ സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

മരം ലേലം
കുപ്പം - ചുടല - പാണപ്പുഴ - കണാരംവയല്‍ റോഡ് നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മുറിക്കേണ്ടി വരുന്ന മരങ്ങളുടെ ലേലം ജനുവരി 25 ന് രാവിലെ 10.30 ന് തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും.

ലേലം 25 ന്
തോട്ടട ഗവ ഐ  ടി ഐ കോമ്പൗണ്ടിലുള്ള വിവിധ ഫലവൃക്ഷങ്ങളില്‍ (തെങ്ങ്, മാവ്, പ്ലാവ്, കശുമാവ്, പുളി) നിന്നും അടുത്ത മൂന്ന് വര്‍ഷക്കാലത്തേക്ക് ആദായം എടുക്കുന്നതിനുള്ള അവകാശം ജനുവരി 25 ന് രാവിലെ 11 മണിക്ക് ഐ ടി ഐ ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 0497 2835183.

അപേക്ഷ ക്ഷണിച്ചു
ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ അധീനതയിലുള്ള അഴീക്കല്‍ മത്സ്യബന്ധന തുറമുഖം, ധര്‍മ്മടം, ചാലില്‍ ഗോപാലപേട്ട എന്നീ മത്സ്യബന്ധന കേന്ദ്രങ്ങളില്‍ മില്‍മ ബൂത്ത്, ലോട്ടറി ബങ്ക്, ഐസ് ക്രഷിങ് സ്റ്റാള്‍, ഫിഷ് സ്റ്റാള്‍, ശീതള പാനീയ ഷോപ്പ് എന്നിവ തറവാടക നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്നതിന് സ്ഥലം അനുവദിച്ചുകൊടുക്കുന്നു.  താല്‍പര്യമുള്ള മത്സ്യത്തൊഴിലാളികള്‍, വിമുക്ത ഭടന്‍മാര്‍, മത്സ്യത്തൊഴിലാളി വനിതകള്‍, വികലാംഗര്‍, മത്സ്യത്തൊഴിലാളി കുടുംബത്തിലെ അഭ്യസ്ഥരായ തൊഴില്‍ രഹിതര്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം  അഴീക്കല്‍, തലായ് എന്നിവിടങ്ങളിലുള്ള അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയങ്ങളില്‍ നിന്നും  ഫെബ്രുവരി ഒന്നു മുതല്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 11 ന് വൈകിട്ട് നാല് മണി വരെ സ്വീകരിക്കും.  ഫോണ്‍: 0497 2732161.

ലേലം ചെയ്യും
വില്‍പ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത മുണ്ടേരി അംശം ദേശം റി സ 68/2 ല്‍ പെട്ട 18.01 ആര്‍ ഭൂമിയും അതില്‍പെട്ട സകലതും ഫെബ്രുവരി 18 ന് രാവിലെ 11 മണിക്ക് മുണ്ടേരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസ് മുണ്ടേരി വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പിലേക്കാവശ്യമായ ലബോറട്ടറി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി 29 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

ഉജ്ജ്വലബാല്യം പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഉജ്ജ്വലബാല്യം പുരസ്‌കാരം നല്‍കുന്നു. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും, ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. അഞ്ചിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കപേക്ഷിക്കാം.
അപേക്ഷകര്‍ കലാ-കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചവരായിരിക്കണം. ഇതുമായി ബന്ധപ്പെട്ടു ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തിപത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡി, പത്രക്കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്സപ്ഷണല്‍ അച്ചീവ്മെന്റ് കരസ്ഥമാക്കിയ കുട്ടികളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കുന്നതല്ല.
അപേക്ഷ ഫെബ്രുവരി 15 ന് വൈകിട്ട്  അഞ്ച് മണിക്ക് മുമ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍, ഷോപ്പിംഗ് കോംപ്ലക്സ്, റൂം നമ്പര്‍ എസ്-6, രണ്ടാം നില, തലശ്ശേരി-670104 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0490 2326199 ല്‍ ലഭിക്കും.

ഫാര്‍മസിസ്റ്റ് നിയമനം
എളയാവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനായി ജനുവരി 23 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.  ഡിപ്ലോമ ഇന്‍ ഫാര്‍മസി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എളയാവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം.  ഫോണ്‍: 0497 2722485.

ഗതാഗതം നിരോധിച്ചു
നടാല്‍ - കാടാച്ചിറ - ഊര്‍പ്പഴശ്ശിക്കാവ് റോഡ് നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജനുവരി 22 ബുധനാഴ്ച മുതല്‍ ഫെബ്രുവരി 21 വരെ പ്രസ്തുത റോഡിലൂടെയുള്ള   ഗതാഗതം ഭാഗികമായി നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ലൈഫ് സംഗമം: ഗതാഗത ക്രമീകരണം
കലക്‌ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന ലൈഫ് മിഷന്‍ ജില്ലാതല കുടുംബസംഗമത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഭാഗത്തു നിന്നും വാഹനങ്ങളില്‍ എത്തിച്ചേരുന്നവരെ മുനിസിപ്പല്‍ സ്‌ക്കൂള്‍ ഭാഗത്ത് ഇറക്കി വാഹനങ്ങള്‍ സ്റ്റേഡിയം കോര്‍ണര്‍ ഭാഗത്തും ചൊവ്വ ഭാഗത്തു നിന്നും എത്തിച്ചേരുന്നവരെ ആര്‍ ടി ഒ ഓഫീസ് പരിസരത്ത് ഇറക്കി വാഹനങ്ങള്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്തും ഔദ്യോഗിക വാഹനങ്ങള്‍ പോലീസ് മൈതാനിയിലും പാര്‍ക്ക് ചെയ്യണമെന്ന് ലൈഫ് ജില്ലാ  കണ്‍വീനര്‍ അറിയിച്ചു.

 

അഞ്ചരക്കണ്ടി വില്ലേജ് ഓഫീസ്; നവീകരിച്ച കെട്ടിട ഉദ്ഘാടനം 24ന്  
നവീകരിച്ച അഞ്ചരക്കണ്ടി വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 24ന് (വെള്ളിയാഴ്ച) വൈകിട്ട് 3.30ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വ്വഹിക്കും.  അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സീത ടീച്ചര്‍ അധ്യക്ഷനാകും.

ക്വട്ടേഷന്‍ ക്ഷണിച്ചു
തോട്ടട അഭയനികേതനില്‍ സൂക്ഷിച്ചിട്ടുള്ള നിലവില്‍ ഉപയോഗത്തിലില്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 31 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2835002.
 

date