Skip to main content

മലപ്പുറത്ത് 'ലൈഫ്' ഒരുക്കിയത് 14105 വീടുകള്‍  ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബസംഗമവും നാളെ മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

 

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷന്‍ ജില്ലയിലെ ഭൂരഹിത ഭവനരഹിതര്‍ക്ക് ഒരുക്കിയത് 13,000 സ്‌നേഹ ഭവനങ്ങള്‍. വീടുകള്‍ ലഭിച്ച ഗുണഭോക്താക്കളുടെ കുടുംബ സംഗമവും ഭവന നിര്‍മ്മാണ പൂര്‍ത്തീകരണ പ്രഖ്യാപനവും നാളെ(ജനുവരി 25) മലപ്പുറത്ത് വര്‍ണ്ണാഭമായ ചടങ്ങില്‍ നടക്കും. മലപ്പുറം റോസ് ലോഞ്ച് ഓഡറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതലപ്രഖ്യാപനം ഉച്ചയ്ക്ക് 2.30ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ മുഖ്യാതിഥികളും ജില്ലയിലെ എം.എല്‍.എമാര്‍ വിശിഷ്ടാതിഥികളുമാകും. പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരണം ജില്ലാകലക്ടര്‍ ജാഫര്‍ മലിക് നിര്‍വഹിക്കും. മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരാകും.
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാതിക്കരിക്കപ്പെട്ട ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത 13 കുടുംബങ്ങള്‍ എന്ന കണക്കില്‍ 1222 പേര്‍ സംഗമത്തിലെത്തും. ജില്ലയില്‍ മികച്ച  രീതിയില്‍ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ലൈഫ്ഭവന സമുച്ചയങ്ങള്‍ക്ക്  സൗജന്യമായി ഭൂമി നല്‍കിയവരെയും ചടങ്ങില്‍ ആദരിക്കും. ജില്ലാതല സംഗമത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന ബ്ലോക്ക്-നഗരസഭാ കുടുംബ സംഗമങ്ങളും അദാലത്തും ജില്ലയില്‍ പുരോഗമിക്കുന്നു. ഇതുവരെ നടന്ന സംഗമങ്ങളിലും അദാലത്തിലും നാലായിരത്തിലധികം പേര്‍ പങ്കെടുത്തു.
ജില്ലയില്‍ ലൈഫില്‍ പൂര്‍ത്തിയാക്കിയത് 14105 ഭവനങ്ങള്‍
സര്‍ക്കാരിന്റെ സ്വപ്നഭവനപദ്ധതിയായ ലൈഫ് മിഷന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളിലൂടെ ജില്ലയില്‍ പൂര്‍ത്തിയാക്കിയത് 14105 ഭവനങ്ങളെന്ന് ലൈഫ്മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ അറിയിച്ചു. ലൈഫ് മിഷന്‍ ഒന്നാംഘട്ടത്തില്‍ വിവിധ മുന്‍കാല പദ്ധതികളില്‍ പൂര്‍ത്തിയാകാതെ കിടന്നിരുന്ന 2,780 വീടുകളില്‍ 2,728 വീടുകള്‍ പൂര്‍ത്തീകരിച്ച് 98 ശതമാനം നേട്ടം ജില്ല കൈവരിച്ചിട്ടുണ്ട്. ഇതില്‍ പൂര്‍ത്തിയാക്കാന്‍ അവശേഷിക്കുന്ന 52 വീടുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ഒന്നാംഘട്ടത്തില്‍ ലൈഫ് മിഷന്‍ ഫണ്ടിന് പുറമെ വിവിധ സന്നദ്ധ സംഘടനകള്‍, ആരാധനാലയ കമ്മിറ്റികള്‍ എന്നിവയിലൂടെ 94 വീടുകളുടെ നിര്‍മ്മാണവും ജില്ലയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തില്‍ പുതിയ വീടുകളുടെ നിര്‍മ്മാണത്തിനായി  അര്‍ഹരായ 23,418 ഗുണഭോക്താക്കളില്‍ 19,053 ഗുണഭോക്താക്കള്‍ കാരാര്‍വെയ്ക്കുകയും 11,377 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ചെയ്തു.  ഗ്രാമപഞ്ചായത്തുകള്‍ വഴി നടപ്പിലാക്കുന്ന  പദ്ധതിക്കായി കെ.യു.ആര്‍.ഡി.എഫ്.സി വഴി 65.75 കോടിയും സംസ്ഥാന വിഹിതമായി 40.61 കോടിയും വിനിയോഗിച്ചിട്ടുള്ളത്.  
 

date