Skip to main content

സ്വപ്നഭവന തണലില്‍ തിരൂരങ്ങാടിയില്‍  ലൈഫ് - പി.എം.എ.വൈ കുടുംബ സംഗമം അനുവദിച്ചത് 8,51,96,000 രൂപയുടെ ധനസഹായം

 

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് -പി.എം.എ.വൈ പദ്ധതി ഗുണഭോക്താക്കളും കുടുംബാംഗങ്ങളും സ്വപ്നഭവനം സഫലമായതിന്റെ സന്തോഷത്തില്‍ ഒത്തുചേര്‍ന്നു. സ്വപ്ന ഭവനങ്ങളുടെ പൂര്‍ത്തീകരണ വേളയില്‍  തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച  പി.എം.എ.വൈ - ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുള്‍ കലാം അധ്യക്ഷനായി. ലൈഫ് - പി.എം.എ.വൈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയ മികച്ച വി.ഇ.ഒ മാരെ  പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍ ഉപഹാരം നല്‍കി ആദരിച്ചു. വീടുകളില്‍ വിഷ രഹിത പച്ചക്കറി ഉല്‍പ്പാദനത്തിനായി ആവിഷ്‌ക്കരിച്ച ജീവനി പദ്ധതിയുടെ ഉദ്ഘാടനം  എം.എല്‍.എ നിര്‍വഹിച്ചു. വനിത ക്ഷേമ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ എന്‍.കെ ദേവകി ലൈഫ് പദ്ധതി വിശദീകരിച്ചു. ജീവനി പദ്ധതി വിശദീകരണം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.ടി ലളിത ദേവി നിര്‍വഹിച്ചു. അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ജനറല്‍ പി.ബൈജു മുഖ്യ പ്രഭാഷണം നടത്തി. 
കുടുംബ സംഗമത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുടെ പരാതി പരിഹാര അദാലത്തും സംഘടിപ്പിച്ചിരുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ശുചിത്വമിഷന്‍ സൗജന്യമായി തുണി സഞ്ചികളും വിതരണം ചെയ്തു. ജീവനി പദ്ധതി പ്രകാരം പച്ചക്കറി വിത്തുകളും തൈകളും ഗുണഭോക്താക്കള്‍ക്ക് കൈമാറി. തിരൂരങ്ങാടി ബ്ലോക്കില്‍  8,51,96,000 രൂപയുടെ ധനസഹായമാണ് ലൈഫ് - പി.എം.എ .വൈ പദ്ധതിയിലൂടെ ഇതുവരെ നല്‍കിയത്.
പദ്ധതിയില്‍ ധനസഹായം ലഭിച്ച   275 ഗുണഭോക്താക്കളില്‍ 225 കുടുംബങ്ങള്‍ ഭവന നിര്‍മ്മാണം  പൂര്‍ത്തീകരിച്ചു. സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും ഹഡ്‌കോ വായ്പയായി 2,20,000 രൂപയും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമായി 80,000 രൂപയും ഉള്‍പ്പെടെ നാലു ലക്ഷം രൂപ വീതമാണ് ഭവന നിര്‍മ്മാണത്തിനായുള്ള സാമ്പത്തിക സഹായമായി അനുവദിച്ചത്. പി.എം.എ.വൈ പദ്ധതിയില്‍ കേന്ദ്ര വിഹിതം 1,20,000 രൂപയും ജില്ലാ പഞ്ചായത്ത് വിഹിതം 98,000 രൂപയും ബ്ലോക്ക് വിഹിതം  1,12,000 രൂപയും  ഗ്രാമ പഞ്ചായത്ത് വിഹിതം 70,000 രൂപയും  ഉള്‍പ്പെടെ  നാല് ലക്ഷം രൂപയാണ് നല്‍കി വരുന്നത്. 2016- 2017 മുതലുള്ള കാലയളവിലാണ് ഭവന രഹിതര്‍ക്ക് സ്വന്തമായി വീട് യാഥാര്‍ഥ്യമാക്കാന്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്.
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ മുസ്തഫ പനയത്തില്‍, ശരീഫ കുട്ടശ്ശേരി, റംല പുറ്റേക്കാട്ട്, സഫിയ റസാഖ്, വി.എന്‍ ശോഭന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സുബൈദ, സ്ഥിരംസമിതി അധ്യക്ഷരായ ടി.പി അസൈന്‍ മാസ്റ്റര്‍, ശരീഫ മലയം പള്ളി, രാജേഷ് ചാക്യാടന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബി.ഡി.ഒ ഹൈദ്രോസ് പൊട്ടേങ്ങല്‍ സ്വാഗതവും ഹൗസിങ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇ.എച്ച് ഇസ്മയില്‍ റാവുത്തര്‍ നന്ദിയും പറഞ്ഞു. 
 

date